തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പിൽ ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ദേവസ്വം ഓഫീസർ. ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രമിച്ചുവെന്ന് ദേവസ്വം ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മാർഗനിർദേശങ്ങൾക്കെതിരെ ഭക്തർ കടുത്ത പ്രതിഷേധമുയർത്തി എന്നും സത്യവാങ്മൂലത്തിലുണ്ട്
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ തൃക്കേട്ട ദിനത്തിലെ എഴുന്നുള്ളിപ്പിൽ ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നായിരുന്നു ജില്ല കലക്ടറുടെ റിപ്പോർട്ട്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് ദേവസ്വം ഓഫീസർ രഘുരാമന്റെ സത്യവാങ്മൂലം.
ഉത്സവം ആരംഭിച്ച നവംബർ 29 മുതല്‍ ഡിസംബർ ഒന്നാം തീയതി വരെ കോടതിയുടെ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചിരുന്നു എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ഡിസംബർ രണ്ടിന് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചല്ല എഴുന്നള്ളിപ്പ് നടന്നത്. വലിയ മഴയത്തും കാണിക്കയിടാൻ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടതോടെ കാര്യങ്ങൾ നിയന്ത്രണത്തിന് പുറത്താവുകയായിരുന്നു. അപകടം ഒഴിവാക്കാൻ ആണ് ആനകളെ മാറ്റിയത്. മാർഗനിർദേശങ്ങൾ പാലിക്കാനുള്ള തന്റെ നിർദേശത്തോട് തുടക്കം മുതൽ ഭക്തർ പ്രതിഷേധിച്ചിരുന്നു എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നിർദേശത്തോട് ഭക്തർ സഹകരിച്ചില്ല. ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാൻ താൻ ശ്രമിക്കുകയാണെന്ന് ഭക്തരും പ്രദേശവാസികളും ആരോപിച്ചുവെന്ന് ദേവസ്വം ഓഫീസർ പറയുന്നു. കോടതി നിർദേശങ്ങൾ പാലിക്കണമെന്ന് വനംവകുപ്പ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല തുടങ്ങി ജില്ലാ കലക്ടറുടെ റിപ്പോർട്ട് വാസ്തവവിരുദ്ധമാണ്.
അപ്രതീക്ഷിതമായ കാര്യങ്ങൾ മൂലമുണ്ടായ പിഴവിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും തനിക്കെതിരെയുള്ള കോടതി നടപടികൾ റദ്ദാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ദേവസ്വം ഓഫീസർ സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലം ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.