മംഗലപുരം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി. ജോയ്.  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു വിമര്‍ശനം.  താന്‍ സെക്രട്ടറിയായപ്പോള്‍ ഒരുപെട്ടി വസ്ത്രങ്ങളും 50,000 രൂപയുമായി കാണാന്‍ വന്നു. ഇറങ്ങിപ്പോകാന്‍ മധുവിനോട്  ആവശ്യപ്പെട്ടെന്നും മറുപടി പ്രസംഗത്തില്‍ ജോയ് പറഞ്ഞു. പാരിതോഷികം നല്‍കി മധു പദവികള്‍ നേടിയെന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ ആരോപണങ്ങളുയർത്തി ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മധു പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചതോടെ സിപിഎം പുറത്താക്കുകയായിരുന്നു. പിന്നാലെ മധു ബിജെപിയില്‍ ചേര്‍ന്നു. 

Read Also: മധു മുല്ലശ്ശേരിയുടെ ബിജെപി കൂടുമാറ്റം; സംസ്ഥാന– ജില്ല നേതൃത്വങ്ങള്‍ക്ക് ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

അതേസമയം,  മധു മുല്ലശ്ശേരി ബിജെപിയിലേക്ക് പോയതില്‍ സംസ്ഥാന– ജില്ല നേതൃത്വങ്ങള്‍ക്ക് മേല്‍ ഉത്തരവാദിത്തം ചാരി സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. വഴിയേ പോയപ്പോള്‍ കസേരയിട്ട് ഇരുന്ന് ഏരിയ സെക്രട്ടറിയായ ആളല്ല മധു മുല്ലശ്ശേരിയെന്നും , നേതാക്കളാണ് ആ കസേരയില്‍ ഇരുത്തിയതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. മധുവിനെ സെക്രട്ടറിയായവര്‍ക്ക് അയാളുടെ പുറത്തുപോകലിലും ഉത്തരവാദിത്തമുണ്ടെന്നാണ് വിമര്‍ശനം. 

എസ്എഫ്ഐ ആരാഷ്ട്രീയ സംഘടനയായി മാറിയെന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ആക്രമകാരികളുടെ സംഘടനയായി എസ് എഫ്ഐ മാറിയെന്നും കുറ്റപ്പെടുത്തലായി. തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കരമന ഹരി നാക്കിന് നിയന്ത്രണമില്ലാത്ത നേതാവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.