പമ്പയില്‍ ഒരോ ദിവസവും ഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രത്തിന്‍റെ അളവ് കൂടുന്നു. പ്രതിദിനം ശേഖരിക്കുന്നത് ആയിരം കിലോയോളം വസ്ത്രങ്ങള്‍. ഇതര സംസ്ഥാനങ്ങളിലടക്കം വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരെ നടത്തിയ പരസ്യങ്ങളും ഫലം കണ്ടില്ല.
വസ്ത്രം പമ്പയില്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും ,അത് പമ്പയെ നശിപ്പിക്കാനേ ഉപകരിക്കൂവെന്നുമായിരുന്നുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പരസ്യം. എന്നാല്‍ ഒരു പരസ്യവും ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല ദിനംപ്രതി വസ്ത്രം എറിയുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. ദിനംപ്രതി ശേഖരിക്കുന്ന വസ്ത്രം ആയിരം കിലോയിലധികമാണ്. തിരക്കു കൂടുന്ന സമയങ്ങളില്‍ ഇതിലും ഏറും. ഭക്തര്‍ പുണ്യനദിയായി കാണുന്ന പമ്പയിലെ കുളിക്കടവില്‍ ഉപേക്ഷിച്ച വസ്ത്രം നിറയുന്നതു കാരണം പലരും പമ്പയിലെ കുളി തന്നെ ഉപേക്ഷിക്കുന്നതിനു കാരണമാകുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരാണ് ഇങ്ങനെ വസ്ത്രം ഉപേക്ഷിക്കുന്നവരില്‍ ഏറെയും. ഇതര സംസ്ഥാനങ്ങളില്‍ തീര്‍ഥാടനത്തിനു പോകുമ്പോഴുള്ള വസ്ത്രം നദിയില്‍ ഉപേക്ഷിക്കുന്ന ആചാരമുണ്ടെന്നും പറയുന്നുണ്ട്. നിലവില്‍ വസത്രം പമ്പയില്‍ നിന്നു ശേഖരിക്കുന്നതിനു കരാര്‍ നല്‍കിയിരിക്കുകയാണ്.