നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം നാളെ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിലെ പ്രതിഭാഗം സാക്ഷിവിസ്താരം പൂർത്തിയായി. അതിനിടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചതിൽ ഇതുവരെ നടപടി ഉണ്ടായില്ലെന്ന് കാണിച്ച് അതിജീവിത രാഷ്ട്രപതിക്ക് കത്ത് അയച്ചു 

നടിയെ ആക്രമിച്ച കേസിൽ 2018 മാർച്ച് 8 ന് ആരംഭിച്ച വിചാരണയാണ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്റെ അന്തിമവാദം നാളെ ആരംഭിക്കും. വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നാണ് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടുക. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കും. കേസിൽ പ്രതിഭാഗം സാക്ഷിവിസ്താരം അഞ്ച് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 

അന്തിമവാദം ഒരു മാസം കൊണ്ട് പൂർത്തിയായാൽ ഉടനെ വിധിയും ഉണ്ടായേക്കും. 2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചതിൽ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നു. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കത്തെന്നും അതിജീവിത പറയുന്നു

ENGLISH SUMMARY:

Actor assault case: Survivor seeks President’s intervention over memory card tampering issue