ശബരിമലയിൽ നടൻ ദിലീപിനും സംഘത്തിനും പൊലീസ് അനർഹമായ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശബരിമല സ്പെഷൽ പൊലിസ് ഓഫീസർ. നടന് പ്രത്യേക പരിഗണന നൽകിയിട്ടില്ല. സോപാനം സ്പെഷൽ ഓഫീസർക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്തമെന്നും സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. 

നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി പരിഗണനയിലുള്ള ദർശനത്തിൽ പൊലീസിനെയും ഹൈക്കോടതി ദേവസ്വം ബെഞ്ച് വിമർശിച്ചിരുന്നു. തുടർന്നാണ് വിശദമായ റിപ്പോർട്ട് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ കോടതിയിൽ സമർപ്പിച്ചത്. ദിലീപ് സന്നിധാനത്ത് എത്തുന്ന കാര്യത്തിൽ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും, നടന് തങ്ങൾ‍ പ്രത്യേകമായി പരിഗണനയൊന്നും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മനസിലാകുന്നത് ദിലീപ് എത്തിയത് ഹരിവരാസനത്തിനായി നട അടയ്ക്കുന്നതിന് 10 മിനിറ്റ് മുമ്പ് അഡ്മിനിസ്ട്രേറ്റീസ് ഓഫീസറും അസി. എക്സിക്യൂട്ടീവ് ഓഫീസറുമൊത്താണ്. ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണനും മകനും സോപാനത്തിന്റെ വാതിൽക്കൽ ഉണ്ടായിരുന്നു. 

ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവർ പുറത്ത് കാത്തുനിന്നു. ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാ‍ർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യനിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചത്. സോപാനം സ്പെഷൽ ഓഫീസർക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.  

സംഭവത്തിനുശേഷം ദർശനത്തിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങൾക്ക് ലംഘനമുണ്ടാകാതിരിക്കാൻ പൊലീസിന്റെ സോപാനം ഡിവിഷന്‍ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിഗണിച്ച് കോടതി വിഷയം മറ്റന്നാൾ പരിഗണിക്കാൻ മാറ്റി. 

ENGLISH SUMMARY:

Police did not help Dileep; Sabarimala Special Police Officer