ബാലുവിന്റെ കുടുംബവുമായി വിവാഹം മുതല്‍ അകല്‍ച്ചയുണ്ടെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി മനോരമ ന്യൂസിനോട്. പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് തന്നെ ബാലുവിന്‍റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടില്‍ കൊണ്ടുപോയിട്ടുള്ളുവെന്നും ലക്ഷ്മി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണവും വിമര്‍ശനവും വിഷമിപ്പിക്കുന്നതായി ലക്ഷ്മി. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായി . അതാണ് വേദനിപ്പിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ സംശയം ഉന്നയിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. അതുകൊണ്ടാണ് അവര്‍ പരാതി നല്‍കിയതും നിയമപോരാട്ടത്തിന് പോയതും. അന്വേഷണങ്ങളോടെല്ലാം താന്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചും സഹകരിച്ചെന്നും ലക്ഷ്മി പറഞ്ഞു.
ബാലഭാസ്കറിന്‍റെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല. അപകടത്തിനു പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കില്‍ താന്‍ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. അപകടത്തിനു ശേഷം ഇതാദ്യമായാണ് ലക്ഷ്മി ഒരു മാധ്യമത്തിനോട് സംസാരിക്കുന്നത്. താനുള്‍പ്പെടെ സഞ്ചരിച്ച ബാലഭാസ്കറിന്‍റെ കാര്‍ ആരും ആക്രമിച്ചിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നെന്ന് പറഞ്ഞ ലക്ഷ്മി സംഭവ ദിവസം കൃത്യമായി ഓര്‍ത്തെടുത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
അപകട ദിവസം വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്‍റെ വാദം തെറ്റെന്നും ലക്ഷ്മി പറഞ്ഞു. അപകട ശേഷം ആശുപത്രിയിലെത്തിയ ബാലുവിന്റെ സുഹൃത്തുക്കളോട് അര്‍ജുന്‍ തെറ്റ് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറഞ്ഞ് കരഞ്ഞതായും ലക്ഷ്മി പറഞ്ഞു. അര്‍ജുനെതിരെ മുന്‍പുണ്ടായിരുന്ന കേസുകള്‍ ബാലഭാസ്കറിനറിയാമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞു. ഒരു കേസില്‍പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്ന് അര്‍ജുന്‍ ബാലുവിനോട് പറഞ്ഞു. സഹായിക്കാമെന്ന് കരുതിയാണ് അര്‍ജുനെ ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ബാലുവിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.