alappuzha-lab

TOPICS COVERED

സംസ്ഥാനത്ത് ലാബുകളുടെയും സ്കാനിങ്ങ് കേന്ദ്രങ്ങളുടെയും നിലവാര പരിശോധനയ്ക്ക് നിയമങ്ങൾ ഉണ്ടെങ്കിലും ഇടപെടാതെ ആരോഗ്യ വകുപ്പ്. പരിശോധനകൾക്കുള്ള ഫീസും നിരക്കുകളും നിശ്ചയിക്കുന്നതിലും ജീവനക്കാരുടെ യോഗ്യത അടക്കമുള്ള കാര്യങ്ങളിലും സർക്കാർ കാണിക്കുന്ന ഉദാസീനത രോഗനിർണയത്തിൽ  പ്രതിസന്ധി സൃഷ്ടിക്കുന്നു. നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണോ ലാബുകൾ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാനും  സംവിധാനമില്ല. 

 

ഔദ്യോഗിക കണക്കുകൾ പ്രകാരം 4407 ലാബുകൾ താൽക്കാലിക രജിസ്ട്രേഷൻ നേടിയിട്ടുണ്ട്. 113 ക്ലിനിക്കൽ ലബോറട്ടറികൾക്കാണ് സ്ഥിരം റജിസ്ട്രേഷൻ ഉള്ളത്. സംസ്ഥാനത്തെ ക്ലിനിക്കൽ ലാബുകളുടെയും സ്കാനിങ് കേന്ദ്രങ്ങളെയും നിയന്ത്രിക്കുന്നതിന് മൂന്ന് നിയമങ്ങളാണുള്ളത്. 1966 ലെ ക്ലിനിക്കൽ ലബോറട്ടറി ആക്ട്, 2010 ലെ ക്ലിനിക്കൽ ലബോറട്ടറി മോഡിഫൈഡ് ആക്ട്, 2018 ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് റജിസ്ട്രേഷൻ ആൻഡ് റെഗുലറൈസേഷൻ ആക്ട് എന്നിവയാണവ. ഈ നിയമങ്ങൾ പ്രകാരം ലാബുകളെയും സ്കാനിങ് സെന്‍ററുകളെയും നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല. ഗുണനിലവാര പരിശോധനയിൽ ആരോഗ്യ വകുപ്പ് കാട്ടുന്ന ഉദാസീനത രോഗനിർണയത്തെ വരെ ബാധിക്കുന്നു. ഏറ്റവും ഒടുവിൽ ആലപ്പുഴയിൽ അപൂർവ വൈകല്യങ്ങളോടെ കുഞ്ഞ് ജനിക്കാൻ കാരണമായതും സ്കാനിങ്ങ് പരിശോധന പാളിയതാണ്. 2018ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിൽ ഓരോ രോഗനിർണയ പരിശോധനകളെ വ്യക്തമായി നിർണയിച്ചിട്ടുണ്ട്. പരിശോധനകൾക്ക് വേണ്ടി വരുന്ന ഫീസ് നിരക്കുകൾ നിശ്ചയിക്കുന്നതിന് പോലും സർക്കാർ ഇടപെടുന്നില്ല. 

എം ആർ ഐ , സി ടി , അൾട്രാ സൗണ്ട് സ്കാനിങ്ങുകൾ, ഇസിജി, എക്സ്റേ , മറ്റ് ലാബ് പരിശോധനകൾ എന്നിവയ്ക്കൊന്നും സംസ്ഥാനത്ത് ഏകീകൃത നിരക്കില്ല. പരിശോധന നിരക്കുകൾ ലാബുകളിൽ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ 2019 ലെ ഹൈക്കോടതി ഇടക്കാല ഉത്തരവുണ്ടെന്നാണ് ന്യായീകരണം. എന്നാൽ ആരോഗ്യ വകുപ്പ് അപ്പീലിന് പോയിട്ടില്ല. നിരക്ക് തോന്നിയ പോലെ ഈടാക്കാൻ താൽക്കാലിക ഉത്തരവ് മറയാക്കുന്നു. ലാബ് ടെക്നിഷ്യൻ, സ്കാനിങ്ങ് സെന്‍ററുകളിലെ ജീവനക്കാർ എന്നിവർക്ക് നിശ്ചിത യോഗ്യത വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എംഎൽടി ഡിപ്ലോമ ആണ് ലാബ് ടെക്നീഷ്യനുള്ള കുറഞ്ഞ യോഗ്യത. ഇത് പരിശോധിക്കുന്നതിന് ജില്ലാ തലങ്ങളിൽ റജിസ്റ്ററിങ്ങ് അതോറിറ്റിയുണ്ട്. സ്ഥിരം റജിസ്ട്രേഷൻ ലഭിക്കാൻ ലാബുകളിൽ പരിശോധന നടത്തുന്ന സമയം മാത്രമാണ് യോഗ്യതയുടെ കാര്യം നോക്കുന്നത്. 

ENGLISH SUMMARY:

Although there are laws in place for quality control of laboratories and scanning centers in the state, the health department remains inactive and fails to intervene.