മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തിന് അധിക ധനസഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ലോക്സഭയില്‍ വിമര്‍ശിച്ച് ശശി തരൂര്‍. മന്ത്രിതല സമിതി നടപടികള്‍ വൈകിച്ചെന്ന് തരൂര്‍ ആരോപിച്ചു. ബഹളം മൂലം ദുരന്തനിവാരണ ഭേദഗതി ബില്‍ ഇന്ന് ലോക് സഭയില്‍ പാസായില്ല. അപൂർവമായി മാത്രം വരാറുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തു മിനിറ്റ് ലോക് സഭയിൽ ഇരുന്നു. രാവിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, സ്പീക്കറെ കണ്ട് സഭ നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന് അഭ്യര്‍ഥിച്ചു.
മുണ്ടക്കൈ–ചൂരല്‍മല ദുരന്ത ബാധിതരെ സഹായിക്കാന്‍ അധിക ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. ദുരന്ത മേഖല സന്ദര്‍ശിച്ച മന്ത്രിതല സമിതി നടപടിയെടുക്കാന്‍ വൈകി. ദുരന്തനിവാരണത്തില്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പുതിയ നിയമനിര്‍മാണം, രക്ഷാദൗത്യമടക്കം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചയില്‍ പങ്കെടുത്ത ടിഎംസി അംഗം കല്യാണ്‍ ബാനര്‍ജി ,മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഭരണ–പ്രതിപക്ഷ വാക്കേറ്റത്തിനിടയാക്കി. ബില്‍ പാസാക്കാതെ സഭ ഇന്നത്തേക്കു പിരിഞ്ഞു. രാവിലെ പാര്‍ലമെന്‍റിന് പുറത്ത് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ സൂചകമായി ഭരണപക്ഷ അംഗങ്ങള്‍ക്ക് റോസപ്പൂവും ദേശീയപതാകയും നല്‍കി.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്പീക്കറെ കണ്ട് സഭ നടത്തണമെന്ന് അഭ്യർഥിച്ചു. കേരളതീരത്ത് വന്‍തോതില്‍ ലഭ്യമായ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്താന്‍ സാധിക്കുമോയെന്ന ചോദ്യം എൻ.കെ പ്രേമചന്ദ്രൻ ഉന്നയിച്ചപ്പോള്‍ വകുപ്പുമന്ത്രി കൂടിയായ പ്രധാനമന്ത്രി ഹാജർ. ശൂന്യവേളയിൽ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് തന്നെ ജോര്‍ജ് സോറോസ് വിഷയം എടുത്തിട്ടതിനെത്തുടര്‍ന്ന് ഭരണ –പ്രതിപക്ഷ വാക് പോരായി. റെയില്‍വെ ഭേദഗതി ബില്ലും ലോക്സഭ പാസാക്കി.