ശബരിമല ബേസ് ക്യാംപും, മദ്യനിരോധിത മേഖലയുമായ നിലയ്ക്കലിൽ മദ്യപിച്ച് ബഹളം വെച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മൂന്നാഴ്ച മുമ്പ് സമാനമായ രീതിയിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിലായിരുന്നു. മദ്യനിരോധിത മേഖലയാണെങ്കിലും മദ്യം ഒഴുകുന്നതിന് കുറവില്ല എന്നാണ് കച്ചവടക്കാരുടെ അടക്കം ആരോപണം
മലപ്പുറം എംഎസ്പി ക്യാമ്പിൽ നിന്നുള്ള എസ് ഐ പത്മകുമാറാണ് ഇന്നലെ രാത്രി 12 മണിക്ക് ക്ഷേത്രത്തിനു സമീപം മദ്യപിച്ച് ബഹളം ഉണ്ടാക്കിയത്. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഡിവൈഎസ്പി എത്തിയാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചതോടെ ക്യാമ്പിലേക്ക് തിരിച്ചയച്ചു. വിശദറിപ്പോർട്ട് ഡിജിപിക്ക് നൽകിയതായി നിലയ്ക്കൽ സ്പെഷൽ ഓഫിസർ അറിയിച്ചു. മൂന്നാഴ്ച മുൻപ് നിലയ്ക്കലിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കുറവിലങ്ങാട് എക്സൈസ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എം ടി അജിമോനെ തിരെ പൊലീസ് കേസെടുത്തിരുന്നു. മണ്ഡലകാലത്ത് മദ്യനിരോധനം ഉണ്ടെങ്കിലും വലിയതോതിൽ മദ്യ വില്പന നടക്കുന്നു എന്നാണ് ആരോപണം. കഴിഞ്ഞദിവസം ഒരാളെ 3 ലിറ്റർ വിദേശമദ്യവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. വാഹനങ്ങളുമായി എത്തുന്ന ഡ്രൈവർമാരും ജീവനക്കാരും മദ്യവുമായി എത്തുന്നു എന്നും ആരോപണമുണ്ട് . കഴിഞ്ഞ ദിവസം പാർക്കിംഗ് ഗ്രൗണ്ടിലെ ഒരു ഹോട്ടലിന്റെ മുന്നിൽ മദ്യപിച്ച് ജീവനക്കാരും ചില ഡ്രൈവർമാരുമായി സംഘർഷം ഉണ്ടായിരുന്നു
മദ്യപിച്ചെത്തുന്നവർ തീർത്ഥാടകർക്ക് ഉപദ്രവം ആണെന്ന് വ്യാപാരികളും പറയുന്നു. പൊലീസ് എക്സൈസ് പരിശോധനകൾ കൂടുതൽ കർശനം ആക്കണമെന്നാണ് ആവശ്യം