പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ അപകടത്തില്‍പ്പെട്ടത് മധുവിധു യാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവദമ്പതികളും ഇരുവരുടെയും പിതാക്കന്‍മാരും സഞ്ചരിച്ച കാര്‍. അടുത്തയിടെ വിവാഹം കഴിഞ്ഞ അനുവും നിഖിലും മലേഷ്യയില്‍ നിന്നെത്തിയതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ട് വരികയായിരുന്നു ഇരുവരുടെയും പിതാക്കന്‍മാരായ ബിജു ജോര്‍ജും മത്തായി ഈപ്പനും. ഇവര്‍ സഞ്ചരിച്ച കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീട്ടിലേക്കെത്താന്‍ ഏഴു കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ദാരുണാന്ത്യം.
വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അനുവിന് മാത്രമാണ് ബോധമുണ്ടായിരുന്നതെന്നും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. മറ്റു മൂവരെയും വളരെ പണിപ്പെട്ടാണ് പുറത്തെടുത്തതെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ബസിലുണ്ടായിരുന്നവര്‍ക്ക് സാരമായ പരുക്കുകളില്ല.
കാര്‍ വെട്ടിപ്പൊളിച്ചാണ് ബിജുവിനെയും മത്തായി ഈപ്പനെയും നിഖിലിനെയും പുറത്തെടുത്തത്. മൂവരും അബോധാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ബസിലേക്ക് കാര്‍ ഇടിച്ചുകയറി കിടക്കുന്നത് കണ്ടതെന്നും അയ്യപ്പഭക്തന്‍മാര്‍ ചുറ്റിലും കൂടി നില്‍പ്പുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ മനോരമന്യൂസിനോട് പറഞ്ഞു.