പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത നിരന്തര അപകട മേഖലയാണെന്നു പലവട്ടം പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ലെന്നു നാട്ടുകാർ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറ് അപകടങ്ങളാണ് ഉണ്ടായത്. അപകടസാഹചര്യം പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും അമിതവേഗം അപകടത്തിന് കാരണമാണെന്ന് കോന്നി എംഎൽഎയും പറഞ്ഞു.
ടാറിങ് തീർന്നതിന് പിന്നാലെ ഒരു വർഷത്തിനിടെ ഇരുപതിലധികം മരണങ്ങളാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുതൽ റാന്നി വരെയുള്ള മേഖലയിൽ ഉണ്ടായത്. ഇന്ന് അപകടം ഉണ്ടായ മുറിഞ്ഞകല്ലിന്റെ തൊട്ടടുത്ത രണ്ട് സ്ഥലങ്ങളും സ്ഥിരം അപകട മേഖലയാണ്. കലഞ്ഞൂർ , മുറിഞ്ഞകൽ, മല്ലശ്ശേരി, മൈലപ്ര , മണ്ണാറക്കുളഞ്ഞി തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്ന സ്ഥലങ്ങൾ. റോഡ് നിർമ്മാണം കഴിഞ്ഞിട്ടില്ലെന്നതും അമിതവേഗവും തിരക്കും അപകടകാരണമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
അപകടസാഹചര്യ പരിശോധിക്കുമെന്നും റോഡ് സുരക്ഷാ അതോറിറ്റിയുമായി ബന്ധപ്പെടുമെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുടെ ഉണ്ടായ അഞ്ച് അപകടങ്ങളിൽ നാലും കാർ ഡ്രൈവർമാർ ഉറങ്ങിപ്പോയതായിരുന്നു കാരണം. കൂടലിൽ കഴിഞ്ഞ ഞായറാഴ്ച ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മതിലിടിച്ച് പൂർണമായും കത്തി നശിച്ചു. കലഞ്ഞൂരിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരുക്കേറ്റിരുന്നു.