എറണാകുളം നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന റോഡിലേക്കു കുത്തിമറിച്ച പന വീണ് മരിച്ച എൻജിനീയറിങ്ങ് വിദ്യാർത്ഥി ആൻമേരിയുടെ സംസ്കാരം പൂർത്തിയായി.  തൃശൂർ പാഴായി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംസ്കാരം. ഇന്നലെയാണ് ആൻമേരിയും സുഹൃത്തും സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക്  പന വീണത് 

ആന്‍മേരിയുടെ മൃതദേഹം ഉച്ചയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി പാഴായിലെ വീട്ടിലെത്തിച്ചു.  വീട്ടിൽ നടന്ന പൊതുദർശനത്തിൽ ബന്ധുക്കളും നാട്ടുകാരും  സഹപാഠികളും അന്ത്യാജലിയർപ്പിച്ചു. കോളജിലെ സഹപാഠികൾക്കായി പൊതു ദർശനം ആദ്യം ക്രമീകരിച്ചിരുന്നെങ്കിലും സാങ്കേതിക കരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. 

കോതമംഗലം എം.എ കോളേജിലെ വിദ്യാർഥിയായ ആൻമേരി സുഹൃത്തിനൊപ്പം ഇടുക്കിയിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്നലെ വൈകിട്ടാണ്   ചെമ്പൻകുഴിയിൽ അപകടത്തിൽ പെട്ടത്. കാട്ടാന റോഡിലേക്ക് മറിച്ചിട്ട പനമരം ഇരുവരും സഞ്ചരിച്ച ബൈക്കിനു മുകളിൽ വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മുല്ലശേരി സ്വദേശി അൽത്താഫ് അബൂബക്കർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെമ്പൻകുഴി മേഖലയിൽ  കാട്ടാന ആക്രമണം പതിവായതിനെത്തുടർന്ന്  നാട്ടുകാർ  വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. 

ENGLISH SUMMARY:

The cremation of engineering student Annemarie, who died after a tree fell on her by an elephant, has been completed