നാടിനെ നടുക്കി വീണ്ടും വാഹനാപകടം. പത്തനംതിട്ട കോന്നി മുറിഞ്ഞ കല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മല്ലശേരി സ്വദേശികളായ അനു ,നിഖില്‍, മത്തായി ഈപ്പന്‍, ബിജു ജോര്‍ജ് എന്നിവരാണ് മരിച്ചത്. അടുത്തിടെ വിവാഹം കഴിഞ്ഞ അനുവും നിഖിലും മലേഷ്യയില്‍ മധുവിധു കഴിഞ്ഞ് തിരുവനന്തപുരത്ത് രാത്രിയാണ് മടങ്ങിയെത്തിയത്. ഇവരെ കൂട്ടി മടങ്ങുകയായിരുന്നു അനുവിന്‍റെ അച്ഛന്‍ ബിജു ജോര്‍ജും, നിഖിലിന്‍റെ അച്ഛന്‍ മത്തായി ഈപ്പനും. വീട്ടിലേക്കെത്താന്‍ ഏഴുകിലോമീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം. കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. Also Read: മധുവിധു യാത്ര അവസാനത്തേതായി;വീടെത്താന്‍ 7 കിലോമീറ്റര്‍ മാത്രം; നോവായി അനുവും നിഖിലും
മലേഷ്യയില്‍ നിന്നെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വീട്ടിലേക്കെത്താന്‍ ഏഴു കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ദുരന്തം. അടുത്തയിടെയാണ് അനുവിന്‍റെയും നിഖിലിന്‍റെയും വിവാഹം കഴിഞ്ഞത്. അനുവിനെയും നിഖിലിനെയും കൂടാതെ ഇരുവരുടെയും പിതാക്കന്‍മാരാണ് കാറിലുണ്ടായിരുന്നത്.