ചോദ്യപേപ്പർ ചോർച്ചയിൽ കൊടുവള്ളിയിലെ യൂട്യൂബ് ചാനലായ എം എസ് സൊല്യൂഷൻസിനെതിരെ പ്രാഥമികാന്വേഷണം തുടങ്ങി. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം യൂട്യൂബ് ചാനലിന്റെ പ്രവർത്തനം നിർത്തിയതായി ഉടമ ഷുഹൈബ് അറിയിച്ചു.
കെഎസ് യുവിന്റെ പരാതിയിലാണ് എംഎസ് സൊല്യൂഷൻസിനെതിരെ പ്രാഥമിക അന്വേഷണത്തിന് റൂറൽ എസ്പി നിർദേശം നൽകിയത്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൊടുവള്ളി എസ്എച്ച് ഒ ആകും അന്വേഷണം നടത്തുക. എംഎസ് സൊല്യൂഷൻസുമായി സഹകരിക്കുന്ന അധ്യാപകർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നും കെഎസ് യു ചൂണ്ടിക്കാട്ടുന്നു. അതേസമയം എം എസ് സൊല്യൂഷൻസിന്റെ പ്രവർത്തനം നിർത്തിയതായി സിഇഒ ഷുഹൈബ് അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കും.
എന്നാൽ ചാനലിന്‍റെ ഉള്ളടക്കത്തിൽ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ചുവയുമുണ്ടെന്ന എഐവൈഎഫിന്‍റെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.