മലപ്പുറം അരീക്കോട് എസ്.ഒ.ജി ക്യാംപില്‍ ജീവനൊടുക്കിയ കമാൻഡോ വിനീതിന്‍റെ അവസാന സന്ദേശം പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനത്തെപ്പറ്റിയും അവസാന സന്ദേശത്തില്‍ സൂചനകളുണ്ട്. ക്യാംപിലെ ഓട്ടത്തിന്‍റെ സമയം കൂട്ടണം, ഈ സന്ദേശം സാറിനെ കാണിക്കണം. തന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നു എന്നും വാട്സാപ്പ് സന്ദേശത്തില്‍ വിനീത് പറയുന്നു.
കൂടെ പണിയെടുത്ത് കൂടെ ഉള്ളവര്‍ക്ക് പണി കൊടുക്കുന്നവര്‍ക്ക്. ഇപ്പോള്‍ ഉള്ള ആളുകളെ മാറ്റാന്‍ പറയണം, അറിവുള്ള ആളുകള്‍ ഏറ്റെടുക്കണേ എന്നും സന്ദേശത്തിലുണ്ട്. ബന്ധുവിന് അയച്ച അവസാന സന്ദേശത്തിലെ പല വരികളും അപൂര്‍ണമാണ്. ഡ്യൂട്ടി കഴിഞ്ഞ് ശേഷം ഇന്നലെ രാത്രി 8:45നാണ് വിനീത് സ്വയം വെടിവെച്ച് മരിച്ചത്.
അതേസമയം, എസ്.ഒ.ജി കമാന്‍ഡോ വിനീത് ഉദ്യോഗസ്ഥ പീഡനത്തിന്റെ ഇരയെന്ന് ടി.സിദ്ദിഖ് എം.എല്‍.എ. വിനീതിനെ മേലുദ്യോഗസ്ഥര്‍ മരണത്തിലേക്ക് തള്ളിവിട്ടതാണ്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അവധി നല്‍കിയില്ല. റിഫ്രഷ്മെന്‍റ് കോഴ്സില്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ വീണ്ടും പരിശീലനത്തിനയച്ച് മാനസികമായി പീഡിപ്പിച്ചെന്നും സിദ്ദിഖ് ആരോപിച്ചു.