കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും കോതമംഗലത്തും ഇന്ന് ജനകീയ ഹര്‍ത്താല്‍. കോതമംഗലത്ത് മൂന്നുമണിക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നടത്തും. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം അഞ്ചു മണിക്കൂര്‍ പിന്നിട്ടു. ഇതിനിടെ പ്രതിഷേധക്കാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്ന നാളുകളായുള്ള ആവശ്യം അംഗീകരിക്കണമെന്നും നാട്ടുകാര്‍.

അതേസമയം സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് വനംമന്ത്രി മനോരമ ന്യൂസിനോട്. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുക്കുന്നു, പ്രതിഷേധം ന്യായമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഫെന്‍സിങ് ഉള്‍പ്പെടെ എന്തുകൊണ്ട് വൈകിയെന്നതും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ഥലത്തെ എല്ലാ വാര്‍ഡുകളിലും വന്യമൃഗശല്യംരൂക്ഷമെന്ന് പഞ്ചായത്തംഗം പി.സി.ജോഷി. മൃതദേഹം ഇപ്പോഴും വഴിയില്‍ കിടക്കുകയാണ്. പലതവണ പ്രശ്നം വനംവകുപ്പിനോട് പറഞ്ഞു, ഫെന്‍സിങ് കാടുപിടിച്ച നിലയിലാണ്. സ്ഥിരമായി ആളുകള്‍ നടക്കുന്ന വഴിയിലാണ് ആക്രമണം. പരിശോധനയ്ക്ക് വരാന്‍ പറയുമ്പോള്‍ വാഹനത്തില്‍ ഡീസലില്ലെന്ന് പറയുമെന്നും ജോഷി പറഞ്ഞു.

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മനുഷ്യജീവന് വിലകല്‍പിക്കാത്ത നടപടിയാണ് വനംവകുപ്പിന്‍റേതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ തുടരുകയാണെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷിബു തെക്കുംപുറം. വനംവകുപ്പിന്റെ നിരുത്തരവാദിത്തപരമായ നടപടിയാണ് മരണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിന് വീഴ്ചപറ്റിയെന്ന് ജോസ് കെ.മാണിയും പ്രതികരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടാകണം. ആളുമരിച്ചിട്ടല്ല വനം വകുപ്പ് ഉദ്യോഗ്സഥര്‍ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

A public strike (Janakeeya Hartal) is being observed today in Kottambuzha and Kothamangalam in protest against the tragic death of a young man due to a wild elephant attack in Urulantanni Knachcheri.