എൻസിപിയിൽ കീറാമുട്ടിയായി തോമസ് കെ.തോമസിന്റെ മന്ത്രി പദവി. ശശീന്ദ്രനെ മാറ്റി, തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ശരദ് പവാറിന്റെയും പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. തോമസ് കെ.തോമസ് നാളെ വീണ്ടും പവാറിനെ കാണും. അതിനിടെ, ഡൽഹി ചർച്ചകളിൽനിന്ന് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് ശശീന്ദ്രൻ.
എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് ഇറക്കാനും തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുമുള്ള ചർച്ചകളിൽ സിപിഎം കോർഡിനേറ്റർ പ്രകാശ് കാരാട്ടിനെ ഉൾപ്പെടുത്തിയാണ് പി.സി.ചാക്കോയുടെ നീക്കം. പ്രകാശ് കാരാട്ട് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ.തോമസ്. ശരദ് പവാറിന്റെ വീട്ടിൽ മൂവരും 20 മിനിറ്റോളം ചർച്ച നടത്തി. തോമസ് കെ.തോമസ് ഒറ്റയ്ക്കും പവാറിനെ കണ്ടു. ശുഭപ്രതീക്ഷയെന്ന് ചര്‍ച്ചകള്‍ക്കുശേഷം തോമസ് കെ.തോമസിന്‍റെ പ്രതികരണം.
ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് പി.സി.ചാക്കോ വിഭാഗം. മുന്നണി സംവിധാനത്തിൽ മന്ത്രിയെ നിശ്ചയിക്കുക അതാത് പാർട്ടികളാണെങ്കിലും തോമസ് കെ.തോമസിന്റെ കാര്യത്തിൽ അതുണ്ടാവാത്തതിലെ അതൃപ്തി പി.സി.ചാക്കോ കാരാട്ടിനെ അറിയിച്ചെന്നാണ് വിവരം. അതിനിടെ, ചർച്ചകളിൽനിന്ന് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് മന്ത്രി എ.കെ.ശശീന്ദ്രൻ. പ്രകാശ് കാരാട്ട് പങ്കെടുക്കുന്ന ചർച്ചകൾ സംസ്ഥാന നേതൃത്വം ഒളിപ്പിച്ചെന്നാണ് ശശീന്ദ്രന്റെ വികാരം.