ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഹര്‍ഷിദ്, അഭിരാം എന്നീ പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. മാനന്തവാടിയില്‍ മാതനെ ക്രൂരമായി വലിച്ചിഴച്ചത് മിനിയാന്ന്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനാണ് നാലംഗ സംഘം പുൽപ്പള്ളി - മാനന്തവാടി റോഡിലൂടെ യുവാവിനെ വലിച്ചിഴച്ചു കൊണ്ടു പോയത്. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികളുടെ തെറി വിളി ചോദ്യം ചെയ്തതോടെയാണ് മർദനത്തിലേക്കെത്തിയത്. പിന്നാലെ അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. ദേഹമാസകലം പരുക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. തർക്കവും തെറിവിളിയും കേട്ട് പോയി നോക്കിയതാണെന്നും പിന്നാലെ ആക്രമിക്കുകയായിരുന്നെന്നും മാതൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. നാട്ടുകാർക്കു നേരെ സംഘം കല്ലെറിഞ്ഞെന്നും കേണപേക്ഷിച്ചിട്ടും വിട്ടില്ലെന്നും മാതന്റെ സഹോദരൻ വിനു മനോരമ ന്യൂസിനോട് പറഞ്ഞു. ആക്രമികളെ പിന്നാലെ കുതിച്ച നാട്ടുകാരാണ് ദൃശ്യം പകർത്തിയത്. മാതനെ ഉപേക്ഷിച്ച് സംഘം കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിലവിൽ വധശ്രമമടക്കമുള്ള വകുപ്പാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂടൽകടവിൽ മാതനു നേരെ ആക്രമണമുണ്ടായത്. വിഷയത്തിൽ ഇടപ്പെട്ട മുഖ്യമന്ത്രി പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.