കോതമംഗലം കുട്ടമ്പുഴയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കലക്ടര്‍ നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി നടപ്പാക്കും. ട്രഞ്ച് നിര്‍മാണം, ഫെന്‍സിങ് എന്നിവയ്ക്കുള്ള അനുമതി നേരത്തെ നല്‍കിയതാണ് . ടെന്‍ഡര്‍ നടപടികളിലാണ് കാലതാമസം, ടെന്‍ഡര്‍ എടുക്കാന്‍ ആളുകള്‍ കുറവെന്നും മന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് എറണാകുളം കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താലാണ്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി ഏഴരയോടെ ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസിനെ ആനചവിട്ടിക്കൊന്നതിന് പിന്നാലെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്.
മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറുമണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലര്‍ച്ചെ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
എല്‍ദോസിന്റെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. 27–ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉറപ്പുകള്‍ നല്‍കിയതിന് പിന്നാലെ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് കൈകൂപ്പി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസിന്റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ നാട്ടുകാര്‍ ആദ്യം രോഷം പ്രകടിപ്പിച്ചു. ഇടയ്ക്ക് മൃതദേഹം മാറ്റാനുള്ള ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി.