കുടുംബത്തിന്‍റെ ഏകആശ്രയം നഷ്ടപ്പെട്ടുവെന്ന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്‍റെ സഹോദരി സ്വപ്ന മനോരമ ന്യൂസിനോട്. അച്ഛനും അമ്മയും രോഗികളാണ്, ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് സ്വപ്ന. കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗം നഷ്ടമായി. ആന മുറ്റത്തൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും ആരെയും ആക്രമിച്ചിട്ടില്ലെന്നും സ്വപ്ന. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് എറണാകുളം കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താലാണ്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി ഏഴരയോടെ ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസിനെ ആനചവിട്ടിക്കൊന്നതിന് പിന്നാലെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്. 

മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറുമണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലര്‍ച്ചെ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിച്ചത്.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

എല്‍ദോസിന്റെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. 27–ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉറപ്പുകള്‍ നല്‍കിയതിന് പിന്നാലെ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് കൈകൂപ്പി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസിന്റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ നാട്ടുകാര്‍ ആദ്യം രോഷം പ്രകടിപ്പിച്ചു.  ഇടയ്ക്ക് മൃതദേഹം മാറ്റാനുള്ള ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി.