നേമം സർവീസ് സഹകരണ ബാങ്കിൽ ഗുരുതര ക്രമക്കേടെന്ന അന്വേഷണ സംഘത്തിന്‍റെ റിപ്പോർട് വന്നിട്ടും ക്രമക്കേടിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയില്ല. രാഷ്ട്രീയ സമ്മർദമാണ് കടുത്ത നടപടികളിലേക്ക് പോകാത്തതിനു കാരണമെന്നു നിക്ഷേപകർ. സി പി എം ഭരണസമിതിയുള്ള ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സഹകാരികളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്.
യൂണിറ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് ഇടക്കാല റിപ്പോർട് സമർപ്പിച്ചെങ്കിലും പൂർണ റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. മൂന്നു മാസത്തിൽ കൂടുതൽ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ലോൺ തട്ടൽ, ഒരു പ്രമാണം ചൂണ്ടിക്കാട്ടി ഒന്നിലധികം ലോൺ തരപ്പെടുത്തൽ
ഇഷ്ടക്കാർക്കുള്ള നിക്ഷേപത്തിനു കൂടുതൽ പലിശ നൽകൽ തുടങ്ങിയവ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പല സുപ്രധാന രേഖകളും ബാങ്കിൽ തിരഞ്ഞെങ്കിലും അന്വേഷണ സംഘത്തിനു കിട്ടിയിട്ടില്ല. ഇതു കണ്ടെത്തുന്നതിനടക്കമാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. 253 പരാതികൾ ഇതിനോടകം പൊലീസിനു ലഭിച്ചിട്ടുണ്ട്.
നിക്ഷേപം തിരിച്ചു കിട്ടാത്തവർ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ അറിയിച്ചത് കേസ് ഉടൻ ക്രൈംബ്രാഞ്ചിനു കൈമാറുമെന്നായിരുന്നു.എന്നാൽ ആദ്യം കാണിച്ച ഉത്സാഹം പിന്നീട് സർക്കാരും സഹകരണ വകുപ്പും പിന്നീട് കാണിച്ചില്ല. നിലവിൽ നിക്ഷേപിച്ച പണം തിരികെ കിട്ടിയതുമില്ല അതിനായി സമർപ്പിച്ച പരാതിയിൽ അന്വേഷണവുമില്ലാത്ത അവസ്ഥയുമാണ്. പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സഹകാരികൾ ഇന്നു സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.രാവിലെ IIനാണ് മാർച്ച്