കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യ പിതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പൊളളലേറ്റ സാംനഗർ സ്വദേശി അഷറഫ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയായ സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോ റിക്ഷ ഡ്രൈവറായ അഷറഫ് ഓട്ടോറിക്ഷയുമായി സ്റ്റാന്ഡിലേക്ക് പോകുമ്പോഴാണ് ആളൊഴിഞ്ഞ ആനക്കുഴി ഭാഗത്ത് വെച്ച് കാറിലെത്തിയ സജീർ ഓട്ടോറിക്ഷ തടഞ്ഞത്. തുടര്‍ന്ന് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ അഷ്റഫിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അതിനുശേഷം സജീർ കാറിൽ രക്ഷപ്പെട്ടു. അഷ്റഫിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. പൊളളലേറ്റ അഷ്റഫിനെ കുളത്തുപ്പുഴ ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുടുംബപ്രശ്നത്തെച്ചൊല്ലി ഏറെ നാളുകളായി അഷ്റഫിന്റെ മകളും സജീറും തമ്മിൽ അകന്നുതാമസിക്കുകയാണ്. വേർപിരിഞ്ഞു താമസിക്കാൻ കാരണക്കാരൻ ഭാര്യ പിതാവായ അഷ്റഫ് ആണെന്ന വൈരാഗ്യത്തിലാണ് കൊലപാതകശ്രമം നടന്നത്. ചിതറ പൊലീസില്‍ കീഴടങ്ങിയ സജീറിനെ പിന്നീട് കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറിനെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അഷറഫ് താമസിക്കുന്ന സാം നാഗറിലെ വീട്ടിൽ എത്തി സജീർ വധഭീഷണി മുഴക്കിയിരുന്നതായാണ് വിവരം. പൊലീസിന്റെ ശാസ്ത്രീയപരിശോധനാ സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊളളലേറ്റ അഷറഫിന്റെ ആരോഗ്യനില തൃപ്തികരമാണ്