അപൂർവ വൈകല്യങ്ങളോടെ ജനിച്ച ആലപ്പുഴയിലെ പിഞ്ചുകുഞ്ഞിന്‍റെ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ ആരോഗ്യ വകുപ്പ്. പരിശോധനകൾക്കായി കുഞ്ഞിന്‍റെ മാതാപിതാക്കളിൽ നിന്നു കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പണമീടാക്കുകയും ചെയ്തു. സൗജന്യ തുടർചികിൽസ അടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വന്നതോടെ കുഞ്ഞുമായി ആലപ്പുഴ വനിതാ–ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാൻ ആലോചിക്കുകയാണ് കുടുംബം.
ഗർഭകാല ചികിൽസാ പിഴവിനെ തുടർന്ന് വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന് സൗജന്യ തുടർ ചികിൽസ നൽകുമെന്നായിരുന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഒരാഴ്ച്ചയ്ക്കിടെ അഞ്ഞൂറ് രൂപയിലധികമാണ് വിവിധ പരിശോധനകൾക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി രക്ഷിതാക്കളിൽ നിന്നു ഈടാക്കിയത്. പരിശോധനകൾക്ക് ഒരു മുൻഗണനയും കിട്ടുന്നുമില്ല.
ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദ് - സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് വൈകല്യങ്ങളോടെ ജനിച്ചത്. കുഞ്ഞ് പിറന്നിട്ട് ഇന്ന് 42 ദിവസമായി. ഗർഭകാലത്ത് എഴുതവണ സ്കാനിങ്ങ് നടത്തിയിട്ടും വൈകല്യങ്ങൾ കണ്ടെത്താനായില്ല. ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ടും നൽകി. ഗർഭകാല പരിശോധന നടത്തിയ മിഡാസ്, ശങ്കേഴ്സ് , എന്നീ ലാബുകളുടെ സ്കാനിങ് ലൈസൻസ് റദ്ദാക്കി. ആരോപണ വിധേയരായ ഒരാൾക്കെതിരെയും നടപടി ഉണ്ടായിട്ടില്ല. റിപ്പോർട്ട് സമർപ്പിച്ചു എന്നു കേട്ടതല്ലാതെ മറ്റ് എന്തെങ്കിലും അന്വേഷണം നടക്കുന്നതായും കുടുംബത്തിന് അറിയില്ല.
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. കൂടുൽ ചികിൽസാ രേഖകൾ ഹാജരാക്കാൻ പൊലിസ് ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല.