എം.എസ് സൊല്യൂഷന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. തട്ടിപ്പ് ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. സിഇഒ ഷുഹൈബിനെയും മറ്റ് ജീവനക്കാരെയും നോട്ടിസ് നല്‍കി വിളിപ്പിക്കും. എം.എസ് സൊല്യൂഷൻസിനൊപ്പം ചോദ്യങ്ങൾ പ്രവചിച്ച മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവ് എച്ച്. വെങ്കിടേഷിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ക്രിസ്മസ് പരീക്ഷയ്ക്കായി തയ്യാറാക്കിയ പത്താംക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണിലെ കണക്ക് ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേ ദിവസം യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
അതിനിടെ എം.എസ് സൊല്യൂഷന്‍സിന്‍റെ ചോദ്യപേപ്പര്‍ നോക്കി പഠിക്കരുതെന്ന് പറഞ്ഞ അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സിഇഒ ഷുഹൈബ്. അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ മനോരമന്യൂസിന് ലഭിച്ചു. വിവാദമുയര്‍ന്നത് മുതല്‍ കൊടുവള്ളിയിലെ എം.എസ് സൊല്യൂഷന്‍സ് ട്യൂഷന്‍ സെന്‍റര്‍ അടച്ചിട്ടിരിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നായിരുന്നു സ്ഥാപനം നേരത്തെ വ്യക്തമാക്കിയിരുന്നത്.