തെക്കന്‍ തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഒ.ഷാഹുല്‍ ഹമീദിന്റെ നൂറാംജന്മവാര്‍ഷികത്തിലാണ് സി.പി.എം ജില്ലാ സമ്മേളനം വരുന്നത്. മേഖലയിലെ ഇടതുമുന്നേറ്റത്തിന് ഊര്‍ജംപകര്‍ന്ന കാണിപ്പറ്റ് സമരത്തില്‍ ഉള്‍പ്പടെ പങ്കാളിയായ, ഒ.എസ്. ഇന്നും ജ്വലിക്കുന്ന ഓര്‍മയാണ്.
തെക്കന്‍ തിരുവിതാകൂറിലെ ആദ്യ കര്‍ഷകപ്രക്ഷോഭമായ കാണിപ്പറ്റ് സമരം, നെയ്യാറ്റിന്‍കര കുടിയൊഴിപ്പിക്കല്‍ സമരം , പാപ്പനംകോട് ഏല സമരം തുടങ്ങിവയിലൊക്കെ പ്രധാനപങ്കുവഹിച്ച ഒ. ഷാഹുല്‍ ഹമീദിന്റെ നൂറാം ജന്മവാഷികമായിരുന്നു ഡിസംബര്‍ 11 ന്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍.സി ശേഖര്‍ , പൊന്നറ ശ്രീധര്‍, പി. ഫക്കീര്‍ ഖാന്‍, എന്‍. മാടസ്വാമി, കുഴിത്തുറ ശ്രീധര്‍, കെ.വി. സുരേന്ദ്രനാഥ്, അവണാകുഴി സദാശിവന്‍, ഐ. സ്റ്റ്യുവര്‍ട്ട്, തോപ്പില്‍ ശിവശങ്കരന്‍, കള്ളിക്കാട് ഗംഗന്‍, തുടങ്ങിയവരോടൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് ഷാഹുല്‍ ഹമീദിന്റേത്
1952 ല്‍ നടന്ന പ്രഥമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ച് നേമം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായ ഒ.എസ്. 1979 വരെ ആസ്ഥാനത്ത് തുടര്‍ന്നു 84 വരെ തുടര്‍ച്ചയായിജനപ്രതിനിധി. കക്ഷിരാഷ്ട്രീയത്തിന് അതീതമായിരുന്നു അദ്ദേഹത്തിന് കിട്ടിയ ജനസമ്മതി. ഷാഹുല്‍ ഹമീദിന്റെ നൂറാം ജന്മവാര്‍ഷികത്തോട് ചേര്‍ന്നുവരുന്ന ജില്ലാസമ്മേളം അദ്ദേഹം പാര്‍ട്ടിക്കുനല്‍കി സംഭാവനകള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുമെന്ന് കണ്ടുതന്നെ അറിയണം.