cpm-sabu-saji

ഇടുക്കി കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിനെ സിപിഎം  കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സാബു അടിമേടിക്കുമെന്നാണ് ഏരിയ സെക്രട്ടറി സജി പറയുന്നത്. ഗര്‍ഭാശയ രോഗം ബാധിച്ച ഭാര്യയുടെ ചികില്‍സയ്ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ വേണമെന്ന് സാബു പറയുമ്പോഴാണ് ഭീഷണി. ബാങ്കിലെത്തിയ തന്നെ ജീവനക്കാര്‍ ഉപദ്രവിച്ചുവെന്ന് പറയുമ്പോള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞെന്നും മനസിലാക്കിത്തരാമെന്നുമായിരുന്നു സജിയുടെ പ്രതികരണം.

 

സജിയുടെ ഭീഷണിവാക്കുകള്‍ ഇങ്ങനെ – 'ഈ മാസം നിങ്ങള്‍ക്ക് പകുതി പൈസ തന്നുകഴിഞ്ഞിട്ട് നിങ്ങള്‍ അവരെ പിടിച്ച് തള്ളി ഉപദ്രവിക്കേണ്ട കാര്യമെന്താ? വിഷയമൊന്നും മാറ്റേണ്ട. നമ്മളിത് അറിഞ്ഞിട്ട് മിണ്ടാതിരിക്കുന്നതാണ്. നിങ്ങള്‍ക്ക് അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് പണി അറിയാന്‍മേലാഞ്ഞിട്ടാ. അത് മനസിലാക്കിത്തരാം. ഞങ്ങള്‍ ഭൂമിയോളം ക്ഷമിച്ചാ നില്‍ക്കുന്നേ. ഞങ്ങള്‍ നിങ്ങളുടെയൊക്കെ സ്ഥാപനത്തില്‍ തരാനുള്ള പൈസ തരാന്‍ വേണ്ട ആ പിള്ളാരെല്ലാം കയ്യും കാലുമിട്ട് എല്ലാ കാര്യങ്ങളും ചെയ്തോണ്ടിരിക്കുമ്പോ ..നിങ്ങടെ കുടുംബത്തില്‍ നിങ്ങള് പറഞ്ഞ കാര്യം അന്തസായി ഞങ്ങള്‍ ചെയ്തോണ്ടിരിക്കുവാ. പ്രസ്ഥാനത്തില്‍ ചെന്ന് അയാളെ ഉപദ്രവിക്കേണ്ട കാര്യമൊന്നുമില്ല' എന്നും സജി പറയുന്നു.

അതേസമയം, സാബുവിന്‍റെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് ജീവനക്കാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സാബുവിന്റെ മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുനിന്ന് ബന്ധുക്കൾ വന്നശേഷമാകും സംസ്കാരം. സാബുവിന്‍റെ മരണത്തിന് ഉത്തരവാദികളായ ബാങ്ക് ജീവനക്കാർക്കെതിരെ കേസെടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം

ENGLISH SUMMARY:

A phone conversation has surfaced in which CPM's former Kattappana area secretary is threatening Sabu, a depositor who died by suicide in front of a bank in Kattappana, Idukki.