എഡിജിപി എംആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഡിജിപിക്ക് ഇന്‍റലിജന്‍സ് മേധാവി പി.വിജയന്‍റെ പരാതി. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയന് പങ്കെന്നായിരുന്നു അജിത്കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ മൊഴി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതി ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കൊപ്പം മുഖ്യമന്ത്രി നില്‍ക്കുമെന്നത് തുടര്‍നടപടിയില്‍ നിര്‍ണായകമാകും.
ഇന്‍റലിജന്‍സ് മേധാവിക്ക് സ്വര്‍ണക്കടത്തില്‍ പങ്കെന്ന് ബറ്റാലിയന്‍ മേധാവി മൊഴി നല്‍കുക. കള്ളമൊഴി നല്‍കിയ ബറ്റാലിയന്‍ മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്‍റലിജന്‍സ് മേധാവി ഡി.ജി.പിക്ക് പരാതി നല്‍കുക. സംസ്ഥാന പൊലീസ് തലപ്പത്തെ അത്യപൂര്‍വ പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. പി.വി.അന്‍വര്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനിടെ ഡി.ജി.പി മൊഴിയെടുത്തപ്പോളായിരുന്നു പി.വിജയനെതിരായ അജിത്കുമാറിന്‍റെ ഗുരുതര ആരോപണം.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡ് ഐ.ജിയായിരിക്കെ വിജയന് പങ്കുള്ളതായി അന്നത്തെ മലപ്പുറം എസ്.പി സുജിത് ദാസ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അജിതിന്‍റെ മൊഴി. ഡി.ജി.പി ഇത് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിട്ടതോടെ സുജിത് ദാസ് തന്നെ അജിത്കുമാറിനെ തള്ളിപ്പറഞ്ഞു. Also Read: പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം തിരഞ്ഞെടുപ്പ്; എഡിജിപിയുടെ റിപ്പോര്‍ട്ട്
ഇതിന്‍റെ അടിസ്ഥാനത്തിലാണ് അജിതിനെതിരെ വിജയന്‍ നടപടി ആവശ്യപ്പെടുന്നത്. എന്നാല്‍ പരാതിയില്‍ തീരുമാനമെടുക്കാതിരുന്ന ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. അജിതിന്‍റെ മൊഴിയുണ്ടെന്ന് ഡി.ജി.പിയും അത് കള്ളമാണെന്ന് എസ്.പി സുജിത് ദാസും സമ്മതിച്ചിട്ടുള്ളതിനാല്‍ അജിത്കുമാര്‍ പ്രതിരോധത്തിലാണ്. എന്നാല്‍ ഡി.ജി.പി സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ അംഗീകരിച്ചും വിജിലന്‍സ് അന്വേഷണത്തില്‍ ക്ളീന്‍ചിറ്റും നല്‍കി അജിത്കുമാറിന്‍റെ തിരിച്ചുവരവിന് സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുകയാണ്. അതിനിടയിലുള്ള പരാതിയില്‍ വിശ്വസ്തനായ അജിത്കുമാറിനൊപ്പമാണോ സംസ്ഥാനത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മേധാവിയായ വിജയനൊപ്പമാണോ മുഖ്യമന്ത്രിയെന്നാണ് അറിയേണ്ടത്.
നേരത്തേ, അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് പി.വിജയൻ. പിന്നീട് എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. തുടര്‍ന്ന് സർവീസിൽ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.