തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി അജിത് കുമാറിന്‍റെ റിപ്പോര്‍ട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തീരുമാനം എടുത്തിരുന്നു. സുന്ദർ മേനോൻ, ഗിരീഷ് കുമാര്‍, വിജയമേനോൻ, ഉണ്ണികൃഷ്ണൻ, രവി എന്നിവർ ഇതിനായി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുൻ നിശ്ചയിച്ച പ്രകാരം പൂരം നിർത്തി വച്ചതായി ഇവർ പ്രഖ്യാപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. തിരുവമ്പാടി പൂരം കലക്കിയത് തൽപരകക്ഷികളുടെ താൽപര്യപ്രകാരമെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ടെങ്കിലും ബി.ജെ.പിയെ കുറിച്ച് പരാമര്‍ശമില്ല. ബി.ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കേരി എന്നിവരുടെ പേരുകൾ മൊഴികളിൽ മാത്രം. വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തു വിടാതിരുന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിട്ടു. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്.
അതേസമയം, തൃശൂർ പൂരം അലങ്കോലമാക്കിയതിനു പിന്നിൽ പൊലീസിന്റെ അനാവശ്യമായ നടപടികളാണെന്നു ചൂണ്ടിക്കാട്ടി തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം നൽകിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസിന്റെ നടപടി കാരണമില്ലാതെയും അടിസ്ഥാനമില്ലാതെയുമായിരുന്നുവെന്നും തിരുവമ്പാടിയുടെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നു കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് സഹിതം കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. പൊലീസിനെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.