കോഴിക്കോടിന്റെ വഴികളിലാണ് എംടി വാസുദേവൻ നായർ എന്ന ലോകസാഹിത്യകാരന്‍ രൂപംകൊണ്ടത്. പത്രാധിപരുടെ വലിയ വേഷമിട്ട ഇടം. സിനിമയെഴുത്തിന്റെ തിരക്കിലേക്ക് കൈപിടിച്ചതും ഈ നഗരം തന്നെ. നടക്കാവ് കൊട്ടാരം റോഡിലെ സിത്താര എന്ന് പേരിട്ട വീട് ഇന്നുവരെ മലയാള സാഹിത്യത്തിന്റെ മേൽവിലാസമായിരുന്നു.
സിലോണിൽ നിന്ന് ലീവിന് വന്ന അച്ഛൻ നാരായണൻ നായരുടെ കൈ പിടിച്ചാണ് ആദ്യമായി എം.ടി കോഴിക്കോട്ടെത്തുന്നത്. തോന്നയ്ക്കൽ കുന്നിന്റെ മുകളിൽ നിന്ന് കൂടല്ലൂർ എന്ന ചെറുഗ്രാമം കണ്ടു വളർന്ന 12 കാരൻ ആദ്യമായി നഗരം കണ്ടു. കുതിര വണ്ടികൾ ചീറി പായുന്ന നിരത്ത് കണ്ടു. വളർന്നപ്പോൾ ജോലി തേടി പല തവണയെത്തി. തളി ക്ഷേത്രത്തിന് അടുത്തെ ട്യൂട്ടോറിയലിൽ അധ്യാപകനായി. 1956 ൽ കോഴിക്കോട്ടേക്ക് മേൽവിലാസം തന്നെ മാറ്റി. ചാലപ്പുറത്തെ ഷീറ്റ് വിരിച്ച ലോഡ്ജ് മുറിയിലായിരുന്നു ആദ്യകാലത്ത് താമസം. പിന്നീട് ആനി ഹാൾ റോഡിലെ ഇരുമുറി വീട്ടില്‍. കുതിരവണ്ടികൾ മാഞ്ഞ് നിരത്തുകളിൽ വാഹനങ്ങൾ നിറഞ്ഞ ഇടവേളയിൽ എംടിയുടെ സാഹിത്യലോകം കോഴിക്കോടും കടന്ന് വളർന്നു. ലോക സാഹിത്യത്തിലേക്ക് നിളപോലെ പരന്നൊഴുകിയ കാലത്ത് എംടി മാതൃഭൂമിയുടെ പത്രാധിപരാണ്.
ക്യാമറകളോട് പ്രേമമുള്ള സിനിമാക്കാരനെ തന്നിൽ കാണുന്നത് പീതാംബർ സ്റ്റുഡിയോയിൽ വച്ചാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളോടായിരുന്നു എന്നും പ്രിയം. കോഴിക്കോടിലെ സാഹിത്യകാരന്മാരുടെ സ്ഥിരം വേദിയായിരുന്ന 'കോലായ ചർച്ചകളില്‍ സജീവമായിരുന്നില്ല എം ടി. സാഹിത്യം ചർച്ച ചെയ്യണമെങ്കിൽ അത്രമേൽ പ്രിയപ്പെട്ടവരാകണം. ഉള്ളുതുറന്ന് ചിരിക്കാനും കരയാനും എംടിയ്ക്ക് തോളോട് തോൾ ചേർന്ന് നിൽക്കുന്നവർ വേണമായിരുന്നു. എൻ.പി മുഹമമദായിരുന്നു അക്കൂട്ടത്തിലെ പ്രധാനി. കോഴിക്കോടിലെ ജീവിതത്തിൻറെ പ്രധാന പങ്കും ചിലവിട്ടത് ഹോട്ടലുകളിലായിരുന്നു. വീട് അടുത്താണെങ്കിലും ഹോട്ടലിലെ മേശകളാണ് പ്രിയപ്പെട്ട എഴുത്തിടം.
ആനിഹാളിന്റെ എതിർവശത്തെ നീലഗിരി ഹോട്ടലിൽ മുറിയെടുത്താണ് നിർമാല്യവും, ഓളവും തീരവും എഴുതിയത്. ബീച്ച് ഹോട്ടൽ ആയിരുന്നു പ്രിയപ്പെട്ട മറ്റൊരിടം. ക്വീൻ ഹോട്ടലിൽ ഇരുന്നാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളായ സദയത്തിനും താഴ്വാരത്തിനും തിരക്കഥ ഒരുക്കിയത്.
ഓർമ്മകളിൽ എപ്പോഴും കണ്ണാന്തളി പൂക്കൾ മണക്കുന്നത് കുടലൂരിലെങ്കിലും എം.ടി തന്നോളം സ്നേഹിച്ച നഗരമാണ് കോഴിക്കോട്. എഴുതി വളരാൻ , പടർന്നു പന്തലിക്കാൻ ആകാശമായ മണ്ണ്. നിളയുടെ തീരത്തു നിന്ന് കോഴിക്കോട്ടെത്തിയത് എല്ലാത്തിനും നിമിത്തമായി. അതെ, ഭാഷ പോലെ, കൂടല്ലൂര് പോലെ, കോഴിക്കോടും എം.ടിക്കൊരു വീടായിരുന്നു. ആവോളം സ്നേഹം കിട്ടിയൊരു വീട്.