ഗോൾ പോസ്റ്റിൽ നിൽക്കാതെ, കളിക്കളത്തിൽ ഓടിനടന്ന് ഗോൾ അടിക്കാൻ നോക്കുന്നൊരു ഗോളി. ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ അഞ്ച് വർഷം കേരളത്തിൽ നടത്തിയത് അത്തരമൊരു രാഷ്ട്രീയ പന്തുകളിയാണ്. ഈ ചടുല നീക്കങ്ങൾ കഴിഞ്ഞ് ഗവർണർ മടങ്ങിപ്പോവുമ്പോൾ ബാക്കിയാവുന്നത് എന്തൊക്കെയാണ്? മറ്റൊരു ഗവര്‍ണറെയും പോലെ ആയിരുന്നില്ല കേരളത്തിന് ആരിഫ് മുഹമ്മദ് ഖാൻ. ആ പദവിക്ക് മുന്‍പില്ലാത്ത രാഷ്ട്രീയ മാനവും കരുത്തും പകര്‍ന്നു നല്‍കുകയായിരുന്നു അദ്ദേഹം.
2019 ല്‍കേരള ഗവര്‍ണരായി ചുമതല ഏറ്റെടുത്തതുമുതല്‍ സര്‍ക്കാരിനെ വിമര്‍ശന മുനയിൽ നിർത്തിയ ഗവർണർ സര്‍വകലാശാല ഭരണം നേരിട്ട് ഏറ്റെടുത്തു, രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തി, കളി ഇങ്ങോട്ട് വേണ്ട എന്ന് സംസ്ഥാനത്തെ അടവുകൾ പതിനെട്ടും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ നേതൃത്വത്തോട് വ്യക്തമായി പറയുകയും ചെയ്തു അദ്ദേഹം.
രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തി സര്‍ക്കാരിനെ തുറന്ന് വിമര്‍ശിക്കുന്നതു മുതല്‍ വൈസ് ചാന്‍സല്‍മാരെ കൂട്ടത്തോടെ അയോഗ്യരാക്കുന്നത് വരെ അസാധാരണ നടപടികളുടെ തുടര്‍ക്കഥയാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ഗവര്‍ണര്‍ സ്ഥാനം. എസ്.എഫ് ഐ പ്രതിഷേധത്തെ തെരുവില്‍നേരിട്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥ വരെയെത്തി.
നയപ്രഖ്യാപന പ്രസംഗത്തിന് എത്തില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ മുള്‍മുനയില്‍നിറുത്തി പൊതുഭരണ പ്രിന്‍സിപ്പല്‍സെക്രട്ടറിയെ മാറ്റുന്നതില്‍വരെ ആരിഫ് മുഹമ്മദ്ഖാന്‍ പിടിവാശി കാണിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനും ഗവര്‍ണര്‍ തയ്യാറായി. സർക്കാറിന്റെ ഓരോ ആഘോഷ വേളയിലും തന്നെ ക്ഷണിച്ചില്ലെന്ന് പറഞ്ഞും ബഹിഷ്കരിച്ചുമൊക്കെ അദ്ദേഹം വാർത്തയായി. ഒടുവിൽ മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിലും ചെന്നു കൊളുത്തി അദ്ദേഹം. എന്നാലും എക്കാലത്തെയും ജനകീയനായ ഗവര്‍ണര്‍ എന്ന ഖ്യാതി കൂടി സ്വന്തമാക്കിയാണ് ആരിഫ് മുഹമ്മദ്ഖാൻ കേരളം വിടുന്നത്.