മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍, അന്തരിച്ച എംടി വാസുദേവന്‍ നായരുടെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. മൃതദേഹം അല്‍പസമയത്തിനകം വസതിയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനമില്ല. ഗവര്‍ണര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖരും എം.ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണമായിരിക്കും. മലയാളസാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിലെത്തിച്ച പ്രതിഭയാണ് എംടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പത്തുമണിക്കായിരുന്നു എംടി വാസുദേവന്‍ നായരുടെ അന്ത്യം. വീട്ടില്‍ വിശ്രമത്തിലായിരുന്ന എം.ടിയെ ശ്വാസതടസത്തെത്തുടര്‍ന്ന് പതിനഞ്ചാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി, പിന്നാലെ ഹൃദയാഘാതവുമുണ്ടാകുകയായിരുന്നു. മലയാളത്തിന്റെ ഖ്യാതി അതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി.
1933 ജൂലൈ 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് എംടിയുടെ ജനനം. ജ്‍ഞാനപീഠം അടക്കം വിശ്വോത്തര പുരസ്കാരങ്ങളെ മലയാളത്തിലെത്തിച്ചു. നാലുകെട്ടും മഞ്ഞും കാലവും രണ്ടാമൂഴവും അസുരവിത്തും വിഖ്യാത നോവലുകളാണ്. മലയാള വായനയെ എം.ടി. ആസ്വാദ്യതയുടെ പുതിയ വന്‍കരകളിലേക്ക് നയിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ തനിച്ചാകുന്ന മനുഷ്യരുടെ മഹാഗാഥകളുടെ സൃഷ്ടികര്‍ത്താവാണ് വിടവാങ്ങുന്നത്. ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വാനപ്രസ്ഥം, ഷെർലക്ക് തുടങ്ങി എണ്ണമറ്റ കഥകള്‍. ഒപ്പം സിനിമയുടെ ഭാഷയും വ്യാകരണവും മാറ്റിപ്പണിത പ്രിയപ്പെട്ട തിരക്കഥാകൃത്ത് കൂടിയാണ് എംടി. തിരശ്ശീലയില്‍ കാലാതീതമായി സംവദിച്ച് എണ്ണമറ്റ കഥാപാത്രങ്ങളാണ് എംടിയുടേതായിട്ടുള്ളത്.