മലയാളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരനെ മാത്രമല്ല, ഏറ്റവും വലിയൊരു വായനക്കാരെക്കൂടെയാണ് മലയാളത്തിന് നഷ്ടമാകുന്നത്. ലോകസാഹിത്യത്തിലെ പല പുതിയ തരംഗങ്ങളും വൈഞ്ജാനിക രംഗത്തെ പല ചുവടുവയ്പ്പുകളും ആദ്യമറിഞ്ഞ വായനക്കാരനായിരുന്നു എം.ടി.
എൻറെ വായനയുടെ ഉപോൽപ്പനം മാത്രമാണ് എഴുത്തെന്ന് എംടി പറഞ്ഞത് വിനയം കൊണ്ടു മാത്രമല്ല, വായനയെന്ന കർമത്തിൻറെ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്. കുമരനല്ലൂർ സ്കൂളിലെ കൊച്ചുവാസു ഇന്ത്യയിലെ വലിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർ ആകുന്നതിനൊപ്പം എംടി എന്ന വായനക്കാരനും വളർന്നുകൊണ്ടേയിരുന്നു.
നാട്ടിലെ വായനശാലയിലും അക്കിത്തത്തിൻറെ ലൈബ്രറിയിലും തുടങ്ങിയ ശീലം മറ്റു പല ശീലങ്ങളും ഉപേക്ഷിച്ചെങ്കിലും കൈവിടാതെ തുടർന്നു. ചങ്ങമ്പുഴയുടെ രമണൻ പകർത്തിയെഴുതി വായിച്ചൊരു ബാല്യമുണ്ട് എംടിക്ക്. വിക്ടോറിയ കോളേജിലെ ക്ലാസുകളെക്കാൾ ലൈബ്രറി എംടിയെ മോഹിപ്പിച്ചു. മാർക്കേസിനെ ആദ്യം രുചിച്ച മലയാളികളിലൊരാൾ എംടിയാണ്. എംടി വായിച്ച് നന്നെന്നു പറഞ്ഞാൽ അത് കണ്ണടച്ച് വായിക്കാം എന്നാണ് ആരാധക പക്ഷം.
ഇൻറർനെറ്റ് കാലത്തിന് മുൻപ് ലോകത്തിൻറെ പല കോണിൽ നിന്നും എംടി പുസ്തകം സംഘടിപ്പിച്ചിരുന്നത് അടുപ്പക്കാർക്കും അറിയാത്ത രഹസ്യം. സമ്മാനമായും സ്വന്തമാക്കിയവയായും നിറഞ്ഞു കവിഞ്ഞ പുസ്തക ശേഖരം കണ്ട പുസ്തക പ്രേമികൾ അസൂയപൂണ്ടു. ബാലകഥ മുതൽ
ഡിക്ടറ്റീവ് നോവൽ, ചരിത്രം അങ്ങനെ എന്തും വായിക്കും. എഴുത്തിൻറെ ഗവേഷണത്തിന് വായിച്ചവ വേറെ. രണ്ടാമൂഴം' എഴുതാൻ മാത്രം നൂറിലേറെ പുസ്തകങ്ങൾ വായിച്ചു.
പത്രാധിപരായിരുന്ന വേളയിൽ മികവിൻറെ പുതിയ എഴുത്തുകൾ ആ വായനക്കാരൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. പ്രസംഗങ്ങളിലും ലേഖനങ്ങളിലും അളന്നു കുറിച്ച വാക്കുകളിൽ വായന വളർത്തിയ എംടിയെ നമ്മൾ അറിഞ്ഞു. പുസ്തകം പിടിച്ച് ധ്യാനസൗന്ദര്യത്തിലുള്ള എംടി ചിത്രങ്ങൾ ഇപ്പോഴും നമ്മളോട് പറയുന്നു. : 'എല്ലാം വായിക്കണം. വായിച്ച് വളരണം'.