munambam

ക്രിസ്മസ് ദിനത്തിൽ നിരാഹാര സമരമിരുന്ന് മുനമ്പം ജനത. ആഘോഷ പരിപാടികൾ ഒഴിവാക്കി കുടുംബങ്ങൾ സമരപ്പന്തലിൽ ഒത്തുചേർന്നു. സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുനമ്പത്ത് എത്തി.

 

തിരുപ്പിറവി ദിനത്തിലും മുനമ്പംകാരുടെ ഉള്ളിൽ സങ്കടം അലയടിക്കുകയാണ്. ആഘോഷ പരിപാടികൾ മാറ്റിവച്ച് വേളാങ്കണ്ണി മാതാ പള്ളിമുറ്റത്തെ സമരപ്പന്തലിൽ കുടുംബങ്ങൾ ഒത്തുചേർന്നു. പ്രാർത്ഥനാ ഗാനങ്ങൾ ഉരുവിട്ടും ക്രിസ്മസ് പാട്ടുകൾ പാടിയും പ്രതിഷേധ കവിതകൾ ചൊല്ലിയുമായിരുന്നു സമരം. 

കൊച്ചുമക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുവാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് അമ്മമാർ. കരമടയ്ക്കാനുള്ള സർക്കാർ സത്യവാങ്മൂലത്തിൽ അപാകതകൾ ഉണ്ടാകരുതെന്നും ഉത്തരവുകളിലെ പിഴവുകൾ പരിഹരിക്കപ്പെടണമെന്നും സമരപ്പന്തൽ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 

മുനമ്പത്തെ ഭൂമിപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം 74 ദിനങ്ങൾ പിന്നിടുകയാണ്. പ്രശ്നപരിഹാരത്തിനായി നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ ജനുവരി നാലിന് മുനമ്പം സന്ദർശിക്കും.

ENGLISH SUMMARY:

Munambam people go on hunger strike on christmas day