periya-twin-murder-case-verdict-after-six-years

കേരളത്തെ ഞെട്ടിച്ച പെരിയയിലെ രാഷ്ട്രീയ കൊലപാതകത്തില്‍ വിധി വരുന്നത് സംഭവത്തിന് ആറുവര്‍ഷം തികയാറാകുമ്പോഴാണ്. കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളായത് മുഴുവന്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് കുടുംബങ്ങളുടെ നിയമപോരാട്ടത്തിലൂടെ സിബിഐയുടെ കൈയ്യിലേക്കെത്തിയത്. 

 

ചോര വീണ മണ്ണില്‍ കോണ്‍ഗ്രസുകാര്‍ ഇങ്ങനെ എഴുതിവെച്ചു. "ഞങ്ങളുടെ കൂടെപ്പിറപ്പുകളുടെ ചോര വീണ, സന്തോഷത്തെയും സമാധാനത്തെയും വെട്ടിനുറുക്കിയ മണ്ണില്‍ ഒരായിരം കൃപേഷും ശരത് ലാലും പിറവിയെടുക്കും. നിങ്ങളുടെ പോരാട്ടത്തിന്‍റെ പാതയിലൂടെ മൂവര്‍ണക്കൊടിയേന്തി ഇനി ഞങ്ങളുണ്ടാകും." ആ എഴുത്ത് വെറുതെയായിരുന്നില്ല. പെരിയയിലിപ്പോഴും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മരണകളുണ്ട്. 

കല്ല്യോട്ടെ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്‍റെ ഒരുക്കങ്ങളിലായിരുന്നു അന്ന് കൃപേഷും ശരത്ലാലും. കല്ല്യോട്ട് ഏച്ചിലടുക്കം റോഡില്‍ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഒരു സംഘം ആയുധങ്ങളുമായി ചാടിയെത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ കൃപേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള പറമ്പില്‍ കുഴഞ്ഞുവീണ് രക്തംവാര്‍ന്ന് മരിച്ചു. ശരത്ലാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും ജീവന്‍ വെടിഞ്ഞു. പിന്നീട് കേരളം കണ്ടത്  സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്.

പെരിയ ലോക്കല്‍ കമ്മിറ്റിയംഗം  എ പീതാംബരന്‍ , സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവരെ അടുത്ത ദിവസം തന്നെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.. ഇതോടെ പ്രതികളുടെ എണ്ണം കൂടി. സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ,പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരടക്കം 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

എന്നാല്‍ സിബിഐ എന്ന ആവശ്യത്തിനായി ഇരകളുടെ കുടുംബങ്ങള്‍ കോടതികയറി. എതിര്‍ത്ത് സര്‍ക്കാരും. ഹൈക്കോടതിയും കടന്ന് സുപ്രീംകോടതിയിലും കുടുംബത്തിന്‍റെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ സിപിഎം വെട്ടിലായി. ഒടുവില്‍ സിബിഐ അന്വേഷണത്തില്‍ പിന്നെയും പത്തുപേരെ കൂടി പ്രതിചേര്‍ത്തു.

ഉദുമ മുന്‍ എംഎല്‍എയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ അടക്കമുള്ളവരായിരുന്നു പ്രതികള്‍. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ അഞ്ചു പേരെ സിബിഐ അറസ്റ്റും ചെയ്തു. ആകെയുള്ള 24 പ്രതികളില്‍ 16 പേര്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്.

കിച്ചു, ജോഷി എന്ന വിളിപ്പേരുകളില്‍ അറിയപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട കൃപേഷും ശരത്ലാലും. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ കല്ല്യോട്ടെ സജീവ പ്രവര്‍ത്തകര്‍. പ്രിയപ്പെട്ടവര്‍ക്കുള്ള നീതിയ്ക്കായി കാത്തുനില്‍ക്കുകയാണ് ആറു വര്‍ഷമായി ഈ നാട്.