• വിദ്യാഭ്യസവകുപ്പിന് ചാകരക്കാലം
  • ഉയര്‍ന്ന തുക കെട്ടിവയ്ക്കാനാകാതെ കുട്ടികള്‍
  • പരാതികളില്‍ 15 % മാത്രം പരിഗണിച്ചാല്‍ മതിയെന്ന് അലിഖിത നിയമം

ഈ വര്‍ഷം മുതല്‍ സ്കൂള്‍ കലോല്‍സവങ്ങളില്‍ അപ്പീല്‍ ഫീസ് കുത്തനെ കൂട്ടിയതോടെ വിദ്യാഭ്യസ വകുപ്പിന്‍റെ കീശയിലെത്തിയത് കോടികള്‍. അപ്പീല്‍ വഴി എത്തുന്ന മല്‍സരാര്‍ഥികളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഉയര്‍ന്ന അപ്പീല്‍ ഫീസ് അടയ്ക്കാനാവാത്ത ആയിരക്കണക്കിനു പാവപ്പെട്ട വിദ്യാര്‍ഥികളാണ് അവസരം ലഭിക്കാതെ പിന്തള്ളപ്പെടുന്നത്.

ജില്ല തലത്തില്‍ അപ്പീല്‍ ഫീസ് 5000 രൂപയും ഉപജില്ല തലത്തില്‍ 2000വുമാക്കിയാണ് വര്‍ധിപ്പിച്ചത്. മല്‍സരഫലം വന്ന് ഒരു മണിക്കൂറിനകം ഈ തുക കെട്ടി വച്ചാലെ അപ്പീല്‍ പരിഗണിക്കണോ എന്നു പോലും തീരുമാനിക്കുകയുള്ളൂ. 75 ശതമാനം മല്‍സരാര്‍ഥികള്‍ക്കും ഫലം വന്ന് ഒരു മണിക്കൂറിനുളളില്‍ അയ്യായിരവും രണ്ടായിരവും കെട്ടി വയ്ക്കാന്‍ ഗതിയില്ലെന്ന യാഥാര്‍ഥ്യം ബോധപൂര്‍വം മറക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഇനി അപ്പീല്‍ ഫീസ് കെട്ടി വച്ചാല്‍ തന്നേയും ആകെ ലഭിക്കുന്ന അപ്പീലുകളില്‍ പത്തു മുതല്‍15 ശതമാനം വരെമാത്രം പാസാക്കിയാല്‍ മതിയെന്ന അലിഖിത നിയമവുമുണ്ടാക്കി.

ഇതോടെ ജഡ്ജസിന്‍റെ ഭാഗത്തു നിന്നുളള വീഴ്ചകള്‍ക്കും സ്വജനപക്ഷപാതത്തിനും അപ്പീല്‍ പോലും ലഭിക്കാതെ കീഴടങ്ങേണ്ടി വരികയാണ് സാധരണ മല്‍സരാര്‍ഥികള്‍. 14ജില്ലകളിലും161 സബ് ജില്ലകളില്‍ നിന്നുമായി മൂന്നര കോടിയിലധികം രൂപയാണ് അപ്പീലിലൂടെ മാത്രം സമാഹരിക്കാനാവുക. തളളുന്ന അപ്പീലുകള്‍ക്ക് പണം തിരികെ നല്‍കേണ്ടതില്ല.

ENGLISH SUMMARY:

With the sharp increase in appeal fees, crores of rupees have flowed into the education department. While the stated aim is to reduce the number of candidates applying through appeals, thousands of poor students, unable to afford the high appeal fees, are being left behind.