pamplany

മുനമ്പം വഖഫ് ഭൂമി വിവാദങ്ങൾക്കിടെ തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാപ്ലാനിയെ കണ്ട് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബിഷപ്പ് ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമാണെന്ന് ബിഷപ്പ് വിശദീകരിച്ചെങ്കിലും മുനമ്പം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായിട്ടുണ്ട്.

ക്രിസ്മസ് ദിനത്തിൽ കോഴിക്കോട് രൂപതാ അധ്യക്ഷൻ ഫാദർ വർഗീസ് ചക്കാലക്കലിനെ  സന്ദർശിച്ച സാദിഖലി ശിഹാബ് തങ്ങൾ ആണ് തലശ്ശേരി ബിഷപ്പ് ഹൗസിലും എത്തിയത്. വടകര എംപി ഷാഫി പറമ്പിലും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. തങ്ങളെ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഊഷ്മളമായി സ്വീകരിച്ചു. കേക്ക് മുറിച്ച് സ്നേഹം പങ്കിട്ടു'

ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടു. വിവാദമായ മുനമ്പം ഭൂമി തർക്കം ഉൾപ്പെടെ ചർച്ചയായതായാണ് വിവരം. സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾഇല്ലെന്നും  ഒരുമിച്ചു നിൽക്കാവുന്ന ഇടത്തെല്ലാം ഒരുമിക്കുമെന്നും ബിഷപ്പ് പാപ്ലാനി പറഞ്ഞു.

 

മുനമ്പം തർക്കത്തിൽ സമുദായങ്ങൾ തമ്മിൽ ഇടർച്ച പാടില്ലെന്നും സർക്കാർ മെല്ലെപ്പോക്ക് നയം ഒഴിവാക്കണമെന്നും സാദിഖലി തങ്ങളും ചൂണ്ടിക്കാട്ടി.

മുനമ്പത്ത് ഭൂമി ആരും പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നേരത്തെ മാർ ജോസഫ് പാംപ്ലാനി നിലപാട് സ്വീകരിച്ചിരുന്നു. പ്രശ്ന പരിഹാരം വൈകുന്ന സാഹചര്യത്തിൽ ബിഷപ്പ്- തങ്ങൾ കൂടിക്കാഴ്ച നിർണായകമാണ്.

ENGLISH SUMMARY:

Bishop Mar Joseph Pamplany And Sadiq Ali Shihab Thangal Meeting