കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് പ്രൗഢിപകര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലും. സിയാലിന്‍റെ പുതിയ വികസന സംരംഭമായ താജ് കൊച്ചിന്‍ ഇന്‍റര്‍നാഷ്ണല്‍ ഹോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദാഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ ഏവിയേഷന്‍ ഹബ്ബായി സിയാലിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിയാല്‍ മാസ്റ്റര്‍ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ പണികഴിപ്പിച്ചത്. ടെര്‍മിനലിന് ഉള്ളില്‍ തന്നെ ആഢംബര താമസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. 111 മുറികള്‍, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍, ബോര്‍ഡ് റൂമുകള്‍ , റസ്റ്റന്‍റുകള്‍ എന്നിവയും ഹോട്ടലില്‍ സജ്ജമാക്കിയിട്ടുണ്ട്. ആയിരം കോടിയുടെ പദ്ധതികളാണ് സിയാലില്‍ നടപ്പാക്കുന്നതെന്നും സിയാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള താജ് ഹോട്ടലിലേക്ക് വിമാനമിറങ്ങി 15 മിനിറ്റില്‍ എത്താന്‍ കഴിയും. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് താജ് ഗ്രൂപ്പിനെ ടെന്‍ഡറിലൂടെ കണ്ടെത്തുകയായിരുന്നു. നാലേക്കറില്‍ സ്ഥിതി ചെ്യുന്ന ഹോട്ടലില്‍ പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.