മലപ്പുറം കാക്കഞ്ചേരി ഭാഗത്ത് ദേശീയപാതയിൽ അരമണിക്കൂറിലധികം ആംബുലൻസ് കുടുങ്ങി രണ്ടു രോഗികളുടെ ജീവൻ പൊലിഞ്ഞു. എടരിക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ എന്നിവരാണ് മരിച്ചത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയ രോഗികളാണ് മരിച്ചത്.
നിർമ്മാണത്തിലിരിക്കുന്ന ആറുവരിപ്പാതയിൽ കാക്കഞ്ചേരി ഭാഗത്താണ് ആംബുലൻസ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകിട്ട് 5.30തോടെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതാണ് എടരിക്കോട് സ്വദേശി സുലേഖയെ. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടാശ്ശേരി സ്വദേശി ഷിജിൽ കുമാറുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയതാണ് മറ്റൊരു ആംബുലൻസ്. കാക്കഞ്ചേരി ഭാഗത്ത് വെച്ചാണ് ആംബുലൻസുകള്‍ റോഡിൽ കുടുങ്ങുന്നത്. ഗതാഗതക്കുരുക്കിൽപെട്ട് സമയം വൈകിയതോടെ ഇരു ആംബുലൻസുകളിലെയും രോഗികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നാലുവരിയായി കുടുങ്ങിക്കിടന്ന വാഹനനിരയിൽ ഒരിഞ്ചുപോലും അനങ്ങാനാവാതെ ആംബുലൻസ് കുടുങ്ങി പോവുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് വാഹനക്കുരുക്കിൽ നിന്ന് ആംബുലൻസ് പുറത്തിറക്കിയതെന്ന് ഡ്രൈവർ പറഞ്ഞു. ദേശീയപാത നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്.