കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന്‍റെ യാത്ര തടസപ്പെടുത്തി ബൈക്ക് യാത്രക്കാരന്‍. 22 കിലോമീറ്റര്‍ ദൂരം ഇയാള്‍ ആംബുലന്‍സിന് കടന്നുപോകാന്‍ ഇടം കൊടുക്കാതെ ബൈക്കോടിച്ചു. സൈറണ്‍ മുഴക്കിയിട്ടും കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ടും കണ്ട ഭാവം നടിക്കാതെയായിരുന്നു ബൈക്ക് യാത്രികന്‍റെ അഭ്യാസം.
ഇന്നലെ രാത്രിയാണ് സംഭവം. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ആംബുലന്‍സിനു മുന്നിലാണ് യുവാവ് അപകടകരമായി ബൈക്കോടിച്ചത്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അടിവാരം മുതല്‍ ഇയാള്‍ തടസമുണ്ടാക്കി. കുന്ദമംഗലം വരെ ഇത് തുടര്‍ന്നു. ഒരു മണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് മെഡിക്കല്‍ കോളജില്‍ എത്തിയത്.
സാധാരണഗതിയില്‍ ആംബുലന്‍സിന്‍റെ സൈറണ്‍ കേട്ടാല്‍ സ്ഥലമില്ലാത്ത റോഡുകളില്‍ പോലും എങ്ങനെയെങ്കിലും വാഹനങ്ങള്‍ വഴി നല്‍കും. ഇവിടെ സൈറണോ ആംബുലന്‍സില്‍ രോഗിയുണ്ടെന്നതോ പ്രശ്നമാക്കാതെയായിരുന്നു യുവാവിന്‍റെ പെരുമാറ്റം. പൊലീസും മോട്ടോര്‍വാഹന വകുപ്പും യുവാവിനെക്കുറിച്ച് അന്വേഷണം തുടങ്ങി. ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം. ഇയാളുടെ ചെയ്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.