പുതുവത്സര ആഘോഷത്തിനൊരുങ്ങി സംസ്ഥാനവും. തിരുവനന്തപുരത്ത് വർക്കല, ശംഖുമുഖം, കോവളം ബീച്ചുകളിൽ പ്രത്യേക പരിപാടികളോടെ പുതുവത്സര ആഘോഷം നടക്കും. മാനവിയം വീഥിയിലും കനകക്കുന്നിലും വൈകിട്ട് ആറര മുതൽ ആഘോഷ പരിപാടികൾ ഉണ്ടാകും. അതേസമയം, കർശന നിയന്ത്രമാണ് പൊലീസ് ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്.
കോഴിക്കോട് നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്കും സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണന്റെ നേതൃത്വത്തിൽ 7 എസിപിമാർ അടങ്ങുന്ന 800 ഓളം വരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതല ഏൽപ്പിച്ചിട്ടുള്ളത്.
പുതുവർഷ ആഘോഷങ്ങൾ അതിര് കടക്കാതെ സൂക്ഷിക്കണമെന്ന് പൊലീസ്. ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. പുതുവർഷാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർശനമാക്കാൻ പ്രത്യേക ടീമുകൾ രൂപീകരിച്ചു. ഡി ജെ പാർട്ടി, ഗാനമേളകൾ നടക്കുന്നയിടങ്ങളിൽ മുൻകൂട്ടി പരിശോധിക്കാനും പങ്കെടുക്കുന്നവരുടെ വിവരം ശേഖരിക്കാനും ലോക്കൽ പൊലീസിന് നിർദേശം നൽകി.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിന് പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസിനെ വിവരം അറിയിക്കാനും ഡി ജി പി നിർദേശിച്ചു.