കണ്ണൂര്‍ വളക്കൈ വിയറ്റ്നാം റോഡിലെ സ്കൂള്‍ ബസ് അപകടത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷിന് ജീവന്‍ പൊലിഞ്ഞത് വീടിന് കിലോമീറ്ററുകള്‍ അപ്പുറത്ത് വെച്ച്. സ്കൂള്‍ വിട്ട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വളക്കൈയില്‍ വെച്ച് നിയന്ത്രണം തെറ്റി സ്കൂള്‍ ബസ് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസില്‍ നിന്ന് തെറിച്ച് പുറത്തേക്ക് വീണ 11 വയസുകാരി നേദ്യയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത്.
അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി ബസിലുണ്ടായിരുന്ന കുട്ടികളെ രക്ഷപെടുത്തി. പരുക്കേറ്റ സ്കൂള്‍ ബസ് കുട്ടികളെയും ബസ് ജീവനക്കാരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും വിദ്യാര്‍ഥികളെ മാറ്റി.എന്നാല്‍ ഗുരുതരമായി പരുക്കേറ്റ നേദ്യയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
കുറുമാത്തൂര്‍ സ്വദേശിനിയാണ് മരിച്ച നേഹ. അപകടം നടന്ന വളക്കൈയില്‍ നിന്ന് കഷ്ടിച്ച് 5 കിലോമീറ്റര്‍ മാത്രമാണ് നേദ്യയുടെ വീട്ടിലേക്കുള്ളത്. നേദ്യയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി.
ഇരുപതോളം കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കുത്തനെയുള്ള ഇറക്കം ഇറങ്ങി പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് വാഹനത്തിന് നിയന്ത്രണം നഷ്ടമായത്. സാങ്കേതിക തകരാറാണോ, ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് കാരണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.