ബാലഭാസ്കറുടെ ഡ്രൈവറായിരുന്ന അര്‍ജുന്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ വലിയ അഭ്യൂഹങ്ങളാണ് ഉണ്ടായത്. ബാലഭാസ്കറുടെ മരണം കൊലപാതകമാണെന്നും സ്വര്‍ണക്കടത്ത് സംഘമാണ് മകനെ കൊലപ്പെടുത്തിയതെന്നും അച്ഛന്‍ ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു. അര്‍ജുനെതിരെ മുന്‍പും സ്വര്‍ണക്കടത്ത് കേസ് ഉണ്ടായിരുന്നുവെന്നുള്ള വാര്‍ത്തകളും പുറത്തുവന്നു. സ്വര്‍ണക്കടത്ത് സംഘത്തിന് ബാലഭാസ്കറുടെ മരണവുമായി എന്താണ് ബന്ധമെന്നെല്ലാം സമൂഹ മാധ്യമങ്ങളില്‍ ആരോപണവും ഉയര്‍ന്നിരുന്നു. അര്‍ജുനും ബാലഭാസ്കറും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് ഭാര്യ ലക്ഷ്മി മനോരമന്യൂസിന് അനുവദിച്ച അഭിമുഖത്തിലൂടെ.
കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബന്ധമുള്ളയാളാണ് അര്‍ജുന്‍.എന്നാല്‍ അര്‍ജുനെന്നും ബാലുവിന്‍റെ സ്ഥിരം ഡ്രൈവറല്ലെന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു. 'പൂന്തോട്ടം വീട്ടില്‍ വച്ചാണ് അര്‍ജുനെ പരിചയപ്പെട്ടത്. ഒരു കേസില്‍പ്പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്ന് അര്‍ജുന്‍ ബാലുവിനോട് പറഞ്ഞു. സഹായിക്കാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. വിളിക്കുമ്പോള്‍ മാത്രമാണ് അര്‍ജുന്‍ വണ്ടിയോടിക്കാന്‍ എത്തിയിരുന്നതെന്നും ലക്ഷ്മി വിശദീകരിച്ചു.
ഡ്രൈവര്‍ അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ബാലഭാസ്കര്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ തന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. താനൊരു സാധാരണക്കാരിയാണ്. ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. തനിക്കൊന്നും നോക്കാനില്ല. തന്‍റെ ഭര്‍ത്താവിന്‍റേയും കുഞ്ഞിന്‍റേയും മുഖം മാത്രം ആലോചിച്ചാല്‍ മതിയാകുമെന്നും ലക്ഷ്മി വേദനയോടെ പറഞ്ഞു.
ആറു വര്‍ഷം മുന്‍പുള്ള സെപ്റ്റംബറിലെ ഒരു ചൊവ്വാഴ്ചയായിരുന്നു ആ ദുരന്തദിനം. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞുമകളുടെ നേര്‍ച്ചയും കഴിഞ്ഞ്, തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് നിന്ന് തുടങ്ങിയ രാത്രിയാത്ര തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്ത് ദേശീയപാതയോരത്തെ ഒരു മരച്ചുവട്ടില്‍ അവസാനിച്ചു. മ ലയാളി നെഞ്ചോട് ചേര്‍ത്ത ആ സംഗീതം അന്ന് നിലച്ചു. ബാലുവിനൊപ്പം മകളും പോയപ്പോള്‍ അതിഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി അപകടത്തിന്‍റെ അവശേഷിപ്പായി.