ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട കലൂരിലെ വിവാദ നൃത്ത പരിപാടിയുടെ മുഖ്യസംഘാടകരായ മൃദംഗ വിഷന്‍റെ എംഡിഎം നിഗോഷിന്‍റെ വാദങ്ങള്‍ തള്ളി പരാതിക്കാരിയായ ബിജി. പണം വാങ്ങി നേരത്തെ റജിസ്ട്രേഷന്‍ നടത്തിയെങ്കിലും പരിപാടിക്ക് ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് നിബന്ധനകള്‍ അറിയിച്ചതെന്ന് ബിജി മനോരമ ന്യൂസിനോട് പറഞ്ഞു. വ്യക്തിഗതമായി റജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഒരു സാരിയുടെ കുറിയര്‍ ചാര്‍ജ് ഇനത്തില്‍ മാത്രം ആയിരം രൂപയോളം ഈടാക്കി. ഒരു സാരിക്കും രണ്ട് പാട്ടിനുമായി 3500 രൂപയും ജിഎസ്ടിയും ഈടാക്കി. നൃത്തവിദ്യാലയങ്ങളില്‍ നിന്നല്ലാതെ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആയിരം രൂപ അധികം ഈടാക്കുകയും ചെയ്തെന്നും പരാതിക്കാരിയായ ബിജി വ്യക്തമാക്കി.
കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുമെന്നാണ് സംഘാടകര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. മൃദംഗ വിഷന്‍ എന്ന പേരുപോലും അവസാന മണിക്കൂറിലാണ് പരസ്യപ്പെടുത്തിയത്. തമിഴ്നാടിന്‍റെ റെക്കോര്‍ഡ് മറികടന്ന് കേരളം മറികടക്കുമെന്ന രീതിയിലായിരുന്നു പ്രചാരണം. ആദ്യം മൃദംഗ നാദം എന്നാണ് പേരെന്നാണ് പറഞ്ഞത്. മൃദംഗ വിഷന്‍ എന്ന പേര് അറിഞ്ഞത് പരിപാടിക്ക് തൊട്ടു മുന്‍പ്. ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുക സ്ഥാപനത്തിന്‍റെ പേരില്‍ എന്നാണ് സംഘാടകര്‍ പറഞ്ഞത്. പങ്കെടുത്തവര്‍ക്ക് സ്വന്തമായി സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഗിന്നസ് റെക്കോര്‍ഡിന്‍റെ വെബ് സൈറ്റില്‍ നിന്ന് വാങ്ങാന്‍ സംഘാടകര്‍ പറഞ്ഞതായും ബിജി പറയുന്നു. വിശ്വാസവഞ്ചനാക്കേസില്‍ പൊലീസ് പ്രതിചേര്‍ത്ത പൂര്‍ണിമ ദിവ്യാ ഉണ്ണിയുടെ സുഹൃത്തെന്നും ബിജി.
അതേസമയം, നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകർ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങും. മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ, ഓസ്കർ ഇവന്റ് മാനേജ്മെൻ്റ് കമ്പനി ഉടമ ജെനീഷ് എന്നിവരാണ് ഇന്ന് ഉച്ചക്ക് കീഴടങ്ങുക. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഇരുവർക്കും എതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് ആദ്യം സർക്കാർ കോടതിയെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. തുടർന്നാണ് കീഴടങ്ങാൻ നിർദ്ദേശിച്ചുകൊണ്ട് ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയത്. കേസിൽ മൊഴിയെടുക്കാൻ ദിവ്യ ഉണ്ണിയെയും, നടൻ സിജോയ് വർഗീസിനെയും പൊലീസ് ഉടൻ വിളിച്ചുവരുത്തും.