nedya

TOPICS COVERED

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച നേദ്യ എസ് രാജേഷിന് കണ്ണീരോടെ വിടചൊല്ലി ചിന്മയ വിദ്യാലയം . പോസ്റ്റ്മോർട്ടത്തിനുശേഷം സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കൂട്ടുകാർക്കും അധ്യാപകർക്കും നാട്ടുകാർക്കും തേങ്ങൽ അടക്കാനായില്ല. വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം കുറുമാത്തൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. 

 

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയായത് 11 മണിയോടെ . ശേഷം പിഞ്ചുശരീരം അവൾ അവസാനമായി മടങ്ങിയ സ്കൂൾ മുറ്റത്തേക്ക് എത്തിച്ചു.  ക്ലാസ് മുറിയിൽ പൊതുദർശനം. കളിചരികൾ മുഴങ്ങിയ ക്ലാസ് മുറിയിൽ തേങ്ങൽ മാത്രം. പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ കുട്ടികളും, മകളെപ്പോലെ സ്നേഹിച്ച അധ്യാപകരും. ദുഖവാർത്തയിൽ മനംനൊന്ത് നാട്ടുകാരും ചിന്മയ അങ്കണത്തിൽ ഒഴുകിയെത്തി. നൊമ്പരമായാണ് നേദ്യയുടെ മടക്കം. അനിയത്തിക്ക് പുതുവത്സരത്തിന്‍റെ കേക്ക് നൽകാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടയായിരുന്നു മരണം ബസ് അപകടത്തിന്‍റെ രൂപത്തിൽ ജീവൻ കവർന്നത്. 

അതേസമയം, അപകടത്തിൽ ഡ്രൈവറുടെ വീഴ്ച വിവരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കണ്ണൂർ ആർടിഒ ക്ക് റിപ്പോർട്ട് നൽകി. സ്കൂൾ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്നും ബ്രേക്കിന് തകരാർ ഇല്ലെന്നുമാണ് റിപ്പോർട്ടിൽ പരാമർശിച്ചത്. പൂർണ്ണമായും ഡ്രൈവറുടെ വീഴ്ചയാണെന്നും തളിപ്പറമ്പ് എം വി ഐ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അപകട സ്ഥലവും വാഹനവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നും പരിശോധിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവർ നിസാമുദ്ദിനെതിരെ മനപ്പൂർമല്ലാത്ത നരഹത്യക്ക് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. അപകട സമയത്ത് നിസാമുദ്ദീന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടതിൽ പൊലീസ് സൈബർ വിഭാഗം അന്വേഷണം നടത്തിവരികയാണ്. മെഡിക്കൽ പരിശോധനയും നടത്താനും മോട്ടോർ വാഹന വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

ENGLISH SUMMARY:

Chinmaya Vidyalaya bid a tearful farewell to Nediya S. Rajesh, who passed away in a tragic school bus accident.