രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണരായി ചുമതലയേറ്റു. രാവിലെ പത്തരയ്ക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെഎന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരും ശശിതരൂര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. ചീഫ് സെക്രട്ടറി, ഡിജിപി, കര, നാവിക, വ്യോമസേന പ്രതിനിധികള്‍ എന്നിവരും ചടങ്ങിനെത്തി.
ആരിഫ് മുഹമ്മദ്ഖാന്‍ ബീഹാര്‍ ഗവര്‍ണറായ ഒഴിവിലാണ് അര്‍ലേക്കര്‍ കേരളത്തില്‍ നിയമിതനായത്. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് രാജേന്ദ്ര അർലേക്കർ. ഗോവ നിയമസഭാ സ്പീക്കറായിരുന്നു. പിന്നീട് ഗോവ വനം പരിസ്ഥിതി മന്ത്രിയുമായിരുന്നു അദ്ദേഹം. 2021ല്‍ ഹിമാചല്‍ ഗവര്‍ണറും തുടര്‍ന്ന് ബിഹാര്‍ ഗവര്‍ണറുമായി. അതേസമയം,ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.