uma-thomas-falling-footage

കൊച്ചിയില്‍ കലൂരിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീഴുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സിജോയ് വര്‍ഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. വശത്തുനിന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കാലിടറുകയായിരുന്നു. വീഴാന്‍ പോകുന്നതിനിടെ റിബണ്‍ കെട്ടിവച്ച കമ്പിയില്‍ പിടിക്കുന്നുണ്ടെങ്കിലും റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എ താഴേക്ക് പതിക്കുകയായിരുന്നു. ഗാലറിയില്‍ ബാരിക്കേഡ് ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിരുന്നില്ല എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

സ്റ്റേജിന്‍റെ അറ്റത്ത് വരെ  നിറയെ കസേരകള്‍ നിരത്തിയതായിരുന്നു വേദി. തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യൂ മാനേജറിനും കസേരക്കും ഇടയിലുള്ളത് ഒരടിയില്‍ താഴെമാത്രം സ്ഥലമാണ്. വിഐപി ഗാലറിയിൽ നടന്നുപോകുന്നതിന് മതിയായ സ്ഥലമിട്ടില്ല, സുരക്ഷക്കായി കൈവരിയും സ്ഥാപിച്ചില്ല. മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് എഫ്ഐആറിലും പറയുന്നുണ്ട്. തൊട്ടടുത്ത കസേരയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയാണുണ്ടായിരുന്നത്. മന്ത്രി സജി ചെറിയാനും വേദിയിലുണ്ടായിരുന്നു. ഇരുവരേയും ദൃശ്യങ്ങളില്‍ കാണാം.

ഉമ തോമസിന് അപകടം സംഭവിക്കുമ്പോള്‍ കമ്മിഷണറും ജിസിഡിഎ ചെയര്‍മാനും വേദിയിലിരുന്നത് കുന്തം വിഴുങ്ങിയ പോലെയെന്ന് വിമര്‍ശിച്ച് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് രംഗത്തെത്തി. ഇത്രയും വലിയ സുരക്ഷാ വീഴ്ച അവര്‍ വേദിയിലിരിക്കുമ്പോള്‍ കണ്ടില്ലേ? സുരക്ഷാ വീഴ്ച ഒഴിവാക്കേണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ത്? സംഘാടകര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തിയത് പോലും സമ്മര്‍ദം ശക്തമായപ്പോളാണ്. ജനപ്രതിനിധിക്കുപോലും സുരക്ഷയില്ലാത്ത നാടെന്നും മുഹമ്മദ് ഷിയാസ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. വലിയ സുരക്ഷാവീഴ്ചയെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാനും മനോരമ ന്യൂസിനോട് പ്രതികരിച്ചു. വേദിയുടെ പിന്നിലായിരുന്നത് കൊണ്ട് ഉമ തോമസ് വന്നത് കണ്ടില്ലെന്നും മന്ത്രി പറഞ്ഞു. ഉമ പുഞ്ചിരിയോടെ കയറിവന്നത് ഇന്നും മനസിലുണ്ടെന്നും  നടുക്കം വിട്ടുമാറിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, കലൂരിലെ നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍റെ സാമ്പത്തിക സ്രോതസില്‍ അന്വേഷണം. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. സാമ്പത്തിക സ്രോതസില്‍ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന. 

നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകർ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങും. മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ, ഓസ്കർ ഇവന്റ് മാനേജ്മെൻ്റ് കമ്പനി ഉടമ ജെനീഷ് എന്നിവരാണ് ഇന്ന് ഉച്ചക്ക് കീഴടങ്ങുക. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഇരുവർക്കും എതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് ആദ്യം സർക്കാർ കോടതിയെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. തുടർന്നാണ് കീഴടങ്ങാൻ നിർദ്ദേശിച്ചുകൊണ്ട് ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയത്. കേസിൽ മൊഴിയെടുക്കാൻ ദിവ്യ ഉണ്ണിയെയും, നടൻ സിജോയ് വർഗീസിനെയും പൊലീസ് ഉടൻ വിളിച്ചുവരുത്തും.

ENGLISH SUMMARY:

Footage of MLA Uma Thomas falling during Mridanga Vision's dance event in Kaloor, Kochi.