sdpi

TOPICS COVERED

സിപിഎം മലപ്പുറം ജില്ലാസമ്മേളനത്തിടെ താനൂര്‍ നിയമസഭ മണ്ഡലത്തില്‍ മന്ത്രി വി.അബ്ദുറഹിമാന് പിന്തുണ നല്‍കിയെന്ന വാദമുയര്‍ത്തി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി SDPI. എന്നാല്‍ തന്നെ എല്ലാവരും പിന്തുണച്ചിട്ടുണ്ടെന്നും എസ്.ഡി.പി.ഐക്കും ജമാഅത്തെ ഇസ്്ലാമിക്കും എതിരെ ശക്തമായ നിലപാടാണുളളതെന്നും മന്ത്രി വി.അബ്ദുറഹിമാന്‍. മതതീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് സിപിഎം ജില്ലാനേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും പാര്‍ലമെന്‍റിലെത്തിയത് മുസ്്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണന്ന പിബി.അംഗം എ.വിജയരാഘവന്‍റെ പ്രസ്താവനയെ മന്ത്രി വി.അബ്ദുറഹിമാന്‍ പിന്തുണച്ചതാണ് എസ്.ഡി.പി.ഐയെ ചൊടിപ്പിച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വി.അബ്ദുറഹിമാനെ പിന്തുണച്ചെന്നാണ് എസ്ഡിപിഐ ജില്ല സെക്രട്ടേറിയറ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.തിരഞ്ഞെടുപ്പില്‍ ലീഗ് വരുദ്ധചേരിയുടെ സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നെ എല്ലാവരും പിന്തുണച്ചെന്നും എസ്ഡിപിഐക്കെതിരെ തനിക്ക് ശക്തമായ നിലപാടുണ്ടെന്നും വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി.

എസ്ഡിപിഐ അവകാശവാദത്തെ തളളിക്കളയുന്നുവെന്ന് സിപിഎം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് വ്യക്തമാക്കി.മതനിരപേക്ഷ സ്ഥാനാര്‍ഥിയായാണ് വി.അബ്ദുറഹിമാന്‍ മല്‍സരിച്ചത്.സ്ഥാനാര്‍ഥി എന്ന നിലയില്‍ എല്ലാവരോടും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നും സിപിഎം ജില്ല നേതൃത്വം. മതതീവ്രവാദന സംഘടനകളുമായി എല്‍ഡിഎഫ് ബന്ധമില്ലെന്ന  നിലപാടാണ് ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സിപിഎം വെല്ലുവിളിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പിന്തുണ നല്‍കിയത് പരസ്യമാക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം പറയുന്നത്.

ENGLISH SUMMARY:

The SDPI put the CPM on the defensive by raising the allegation of supporting V. Abdurahiman