TOPICS COVERED

പൊലീസിനും സി.പി.ഐ  ഭരിക്കുന്ന വകുപ്പുകള്‍ക്കും രൂക്ഷവിമര്‍ശനവുമായി സി.പി.എം മലപ്പുറം ജില്ല സമ്മേളനം. ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും. ഇ.എന്‍.മോഹന്‍ദാസ് തുടരുന്നില്ലെങ്കില്‍ വി.പി.അനിലിന് സാധ്യത. യുവമുഖത്തെ പരിഗണിച്ചാല്‍ വി.പി.സാനുവിന് അവസരം ലഭിക്കും.

ജില്ല സമ്മേളനത്തിലെ ചര്‍ച്ചകളില്‍ നിന്ന് പി.വി.അന്‍വറിന്‍റെ പേര് ഒഴിവാക്കിയെങ്കിലും അന്‍വര്‍ ഉന്നയിച്ച പൊലീസ് വിമര്‍ശനം സിപിഎം ജില്ല സമ്മേളത്തിലെ പൊതുചര്‍ച്ചയിലുടനീളം പ്രതിനിധികള്‍ ആവര്‍ത്തിക്കുകയായിരുന്നു.പൊതുപ്രവര്‍ത്തകരെ പ്രത്യേകിച്ച് സിപിഎം പ്രാദേശിക നേതൃത്വത്തെ മാനിക്കാതെയാണ് പൊലീസിന്‍റെ പ്രവര്‍ത്തനമെന്നായിരുന്നു കുറ്റപ്പെടുത്തല്‍.

സിപിഐ ഭരിക്കുന്ന റവന്യൂ,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ക്കെതിരെയാണ് ചര്‍ച്ചയില്‍ ആക്ഷേപമുയര്‍ന്നത്.സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഫയലുകള്‍ നീങ്ങുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇന്നുച്ചയോടെ പുതിയ ജില്ല കമ്മിറ്റി അംഗങ്ങളേയും ജില്ല സെക്രട്ടറിയേയും തിരഞ്ഞെടുക്കും. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്വ യം  മാറി  നില്‍ക്കാന്‍ ശ്രമിച്ച നിലവിലെ ജില്ല സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് തുടരാനും സാധ്യതയേറെ.ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി.അനില്‍, വി.ശശികുമാര്‍, വി.എം ഷൗക്കത്തലി, ഇ.ജയന്‍ തുടങ്ങിയ പേരുകളും മുന്നിലുണ്ട്.

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന സ്വയം വിമര്‍ശനം സംഘടന റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയെങ്കില്‍ വയനാട്ടിലേതുപോലെ ഒരു യുവാവ് ജില്ലാ സെക്രട്ടറിയാവട്ടെ എന്നു തീരുമാനിക്കുകയാണങ്കില്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ്  വി.പി.സാനുവിനെയാവും പരിഗണിക്കുക.

ENGLISH SUMMARY:

CPM Malappuram District Conference strongly criticized the police and CPI-ruled departments