ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വിദ്യാഭ്യാസവകുപ്പിലേക്ക്. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കരുതുന്ന എം.എസ്.സൊല്യൂഷന്‍സ് ഉടമ ഷുഹൈബിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും.
യു ട്യൂബില്‍ വന്ന ചോദ്യങ്ങള്‍ പ്രവചിച്ചതാണെന്നാണ് ഷുഹൈബിന്റ വാദമെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് തന്നെയാണ് ക്രൈംബ്രാഞ്ചിന്റ കണ്ടെത്തല്‍. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സഹായമില്ലാതെ ചോര്‍ച്ച നടക്കില്ല. ഷുഹൈബിനെ ചോദ്യം ചെയ്തിനുശേഷം വിദ്യാഭ്യാസവകുപ്പ് ജീവനക്കാരെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു ക്രൈംബ്രാഞ്ച്.
നോട്ടീസ് നല്‍കിയിട്ടും ഷുഹൈബ് ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് മാത്രമല്ല, മുന്‍ കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തു. എം എസ് സോലൂഷനിലെ രണ്ട് അധ്യാപകരും രണ്ട് തവണ നോട്ടീസ് കിട്ടിയിട്ടും അന്വേഷണസംഘത്തിന്റ മുമ്പാകെ ഹാജരായിട്ടില്ല. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. മാത്രമല്ല ഷുഹൈബിന്റ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതിയും എന്തു കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിനെ പ്രതി ചേര്‍ക്കാതിരുന്നതെന്നും ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരിലേക്കും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിലേക്കും അന്വേഷണം നീട്ടിയിരിക്കുന്നത്.
കൊടുവള്ളിയിലുള്ള ചില അധ്യാപകരും ബിആര്‍സി ജീവനക്കാരുമാണ് സംശയത്തിന്റ നിഴലിലുള്ളത്. ഇതില്‍ ചിലര്‍ ഷുഹൈബിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച ഷുഹൈബിന്‍റെ ഫോണില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.