യു.പ്രതിഭയുടെ എംഎല്‍എയുടെ മകനടക്കമുള്ളവര്‍ കഞ്ചാവ് വലിച്ചത് നിസാരവല്‍ക്കരിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികളായാല്‍ കമ്പനിയടിക്കും, പുകവലിക്കും, ആരാണ്ട് വന്ന് പിടിച്ചെന്ന് മന്ത്രി. വലിയ മഹാ അപരാധം ചെയ്ത പോലെയാ പറയുന്നത്.
കുട്ടികളല്ലേ, കൂട്ടുകൂടി കാണും വലിച്ചു കാണും. അതിത്ര വല്യ കാര്യമാണോ. ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. നമ്മൾ ആരും കുട്ടികൾ ആകാതെ ആണല്ലോ ഇങ്ങോട്ടുവന്നത്. ചെറുപ്പത്തിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓർത്താൽ ഒരു പുസ്തകമെഴുതാം. മോശപ്പെട്ട കാര്യം ചെയ്തെന്ന് ഒരു കേസിലുമില്ല. ആ എഫ്ഐആര്‍ താൻ വായിച്ചു നോക്കി. നമ്മൾ എല്ലാം വലിക്കുന്നവരല്ലേ. താനും സിഗരറ്റ് വലിക്കും . എം ടി കെട്ടുകണക്കിന് ബീഡി വലിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. കായംകുളത്ത് എസ് വാസുദേവൻ പിള്ള അനുസ്മരണത്തിലാണ് മന്ത്രിയുടെ പ്രസംഗം. യു. പ്രതിഭ എം എൽ എ ഇതെല്ലാം കേട്ട് വേദിയിലുണ്ടായിരുന്നു.
Read Also: ‘ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവർത്തിക്കുന്ന സ്ത്രീ, മകന്‍ നിരപരാധി’; യു പ്രതിഭ എംഎല്‍എ
തകഴി പുലിമുഖം ജെട്ടിക്കു സമീപം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 9 യുവാക്കൾ പിടിയിലായ കേസിൽ യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവ് കേസിലെ 9–ാം പ്രതിയാണ്. 3 ഗ്രാം കഞ്ചാവുമായാണ് എക്സൈസ് ഇവരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കലർത്തിയ 500 മില്ലിഗ്രാം പുകയില മിശ്രിതം, കഞ്ചാവ് വലിക്കുന്നതിനായി ഉപയോഗിച്ച ദ്വാരമിട്ട കുപ്പി, പപ്പായത്തണ്ട് എന്നിവയാണു പ്രതികളിൽ നിന്നു പിടിച്ചെടുത്തതെന്ന് എക്സൈസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇവര്‍ക്കെതിരെ എക്സൈസ് ചുമത്തിയത് 2 വകുപ്പുകളാണ്. ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിൻ, മിഥുൻ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എൻഡിപിഎസ് ആക്ട് 20 (ബി) വകുപ്പാണ് ചുമത്തിയത്. 3 മുതൽ 9 വരെ പ്രതികൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തി. ജെറിൻ, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെൻസൺ, സോജൻ, കനിവ് എന്നിവരാണ് 3 മുതൽ 9 വരെ പ്രതികൾ.
എന്നാല്‍ തന്റെ മകന്റെ കയ്യിൽ നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു.പ്രതിഭ എംഎൽഎ പിന്നീട് രംഗത്തെത്തി. 30 ഗ്രാം കഞ്ചാവുമായി മകനെ അറസ്റ്റ് ചെയ്തെന്ന വാർത്ത തെറ്റാണെന്നും മകൻ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ പറഞ്ഞു. പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തെന്നു വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമത്തിൽ പ്രതിഭയുടെ വിശദീകരണം. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിഭ നടത്തിയത്.
സംഭവത്തിനു പിന്നാലെ ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കു സ്ഥലംമാറ്റമുണ്ടായതും വിവാദമായി. കൊല്ലം സ്വദേശിയായ പി.കെ.ജയരാജിനെ വിരമിക്കാൻ 5 മാസം ബാക്കിയുള്ളപ്പോൾ മലപ്പുറം ജില്ലയിലേക്കാണു മാറ്റിയത്.